Friday, July 8, 2011

ചിത്രഗുപ്തന്‍ - വിചാരണ ചെയ്യപ്പെടുന്നു..

യമപുരിയിലെ ശീതീകരിച്ച മുറിയിലിരുന്നു ചിത്രഗുപ്തന്‍ ആയുസ്സിന്റെ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കുകയാണ്. കണക്കുകള്‍ ടാലിയാവുന്നില്ല. നെഞ്ചില്‍ നെരിപ്പോടുയരുകയാണ്. ഇതുവരെ ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല.

ഒഴിഞ്ഞ മൂലയിലുള്ള മധ്യചഷകത്തില്‍ നിന്നും വില കൂടിയ വോഡ്ക അല്പമെടുത്താസ്വദിച്ചു ചിന്തകളുടെ സാഗരത്തിലേക്ക് ചിത്രഗുപ്തന്‍ നീങ്ങുകയാണ്..

തല പൊട്ടിപ്പിളരുന്നതുപോലെ...എഴുത്താണിയുടെ കൂര്മ്പിച്ച അഗ്രം കൊണ്ട് തലചൊറിഞ്ഞു ചിത്രഗുപ്തന്‍ ഒരു നെടുവീര്‍പ്പിട്ടു. നാളിതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വിഭിന്നമായി ഇവിടെ വിധികള്‍ തന്നെ മാറ്റി മറിക്കപ്പെടുന്നുണ്ടോ? ഒരു ചിന്ത മനസ്സിനെ അലട്ടുകയാണ്...

ചിത്രഗുപ്തന്‍ മുന്നിലെ വലിയ കണ്ണാടിയിലേക്ക് മുഖം തിരിച്ചു.തന്റെ കറുത്ത താടിരോമങ്ങള്‍ക്കിടയില്‍ വെള്ളിനരകള്‍ കയറുന്നത് പോലെ, കണ്ണുകള്‍ കുഴിയിലേക്കിറങ്ങി മുഖം ചുളിയുന്നത്‌ പോലെ.. സര്‍വ്വ ലോകങ്ങളെയും ചുണ്ടാണി വിരലില്‍ അമ്മാനമാടിയ യീ എനിക്കും വയസ്സവുകയാണോ? യമരാജന്റെ വിധികളെ യഥാസമയം നടപ്പാക്കിയ ഈ ഞാനും വൃദ്ധനാവുകയാണോ? യമപുരിയെയും ദേവലോകത്തെയുംപ്രൌഡ ഗാമ്ഭീര്യത്തെക്കള്‍പ്രോജ്വലമാണിന്നു ഭൂമിലോകം..

ആസനത്തില്‍ ആല് മുളച്ചാലും ഇരുന്നേടംവിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത പടുവൃദ്ധന്മാര്‍,മക്കളും, മരുമക്കളും,പേരക്കിടാങ്ങളും, അവരുടെയൊക്കെ കങ്കാണിമാര്‍ - അണിയറയിലും അരങ്ങിലും തകര്‍ത്താടുകയാണ്... മന്ത്രി മന്ദിരങ്ങളില്‍.. ദേവലോകത്തെയും മനുഷ്യകുലത്തെയും പ്രീണിപ്പിച്ചും പേടിപ്പിച്ചും അവരധികാരത്തിന്റെ ഉന്മാദരസം അനുഭവിച്ചു ആസ്വദിക്കുകയാണ്. അവര്‍ക്ക് മുന്നില്‍ വെഞ്ചാമരം വീശുന്ന ധനാട്യന്മാര്‍ ഒരുക്കുന്ന പൊന്‍ തളികകളില്‍ - വെച്ച് നീട്ടുന്ന ശതകൊടി വിലവരും കാണിക്കകളില്‍ ചില ദേവന്മാരെങ്കിലും വീണു പോകുന്നില്ലേ എന്നൊരു സന്ദേഹവും മനസിലില്ലാതില്ല..

ദേവ ലോകത്തിന്റെ തീരുമാനങ്ങളും യമരാജന്റെ തിട്ടുരവും മനുഷ്യകുലം പണ്ടെന്നപോലെ മുഖവിലക്കെടുക്കുന്നില്ല.അവിടെ മണി മന്ദിരങ്ങളിലെ മന്ത്രിപുത്രന്മാരും അവരുടെ വാല്യക്കാരും യമാകിങ്കരന്മാരെക്കാള്‍ കേമന്മാരാണ്.

ഇന്നവിടെ ച്ത്രതൂണ്കളാല്‍ അലംകൃതമായ കൊട്ടാരങ്ങള്‍. മദ്യവും മധുരാക്ഷിയും ദേവലോകത്തെക്കള്‍ സുലഭം.. സ്ഥാനത്തും അസ്ഥാനത്തും നര്‍ത്തകിമാര്‍... അവരുടെ ഉടയാടകള്‍ അനവസരത്തിലും അഴിഞ്ഞില്ലാതാവുന്നു...

വിധികള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും മാത്രമല്ല വിധികള്‍ അട്ടിമറിക്കാന്‍ വരെ കെല്‍പ്പുള്ള മന്ത്രിപുത്രന്മാരും അനുചരന്മാരും..

ഇയ്യിടെ വയോധികനായ ഒരു രാജ പ്രധിനിധിയുടെ ദര്‍ബാര്‍ ഹാളിലേക്ക് ചെന്നപ്പോള്‍ സുന്ദരികളായ നാല് യുവതികള്‍ അദ്ദേഹത്തിന്റെ യവ്വൌനം തിരിച്ചു കൊണ്ടുവരാനുള്ള തത്രപാടിലാണ്.. ആ പടുമരത്തോടു ഞാനെങ്ങിനിനെയാ യമന്റെ കല്പനകളെ കുറിച്ച് പറയുക. വിധി മറ്റൊരവസരത്തിലേക്കു മാറ്റി ഞാന്‍ പിന്‍വാങ്ങി.

മറ്റൊരു ദിവസം മന്ത്രിപുത്രനും ആയുധധാരികളായ അദ്ദേഹത്തിന്റെ അനുചരന്മാരും എന്നെ കൊട്ടാരത്തിനകത്തെക്ക് കയറ്റി വിട്ടതെയില്ല. കണക്കൊപ്പിക്കാന്‍ എത്രയാ വേണ്ടതെന്നു വെച്ചാല്‍ പറഞ്ഞോളു, ചിത്രഗുപ്തന്‍ അതിനായി ഇത്രയും ദൂരം വരണമെന്നില്ല.. ഇതിലും രസകരമായി മറ്റൊരു രാജന്‍ .... ഞാനെന്റെ കയ്യിലെ കടലാസ്സു നോക്കി വരവിന്റെ ഉദ്ദേശം പറഞ്ഞപ്പോള്‍, സര്‍വ്വ പുച്ചത്തോടെ ആക്കിയുള്ള ചിരിയായിരുന്നു.. മിസ്റ്റര്‍ ഗുപ്തന്‍ ഏതായാലും തനിത്രവരെയും വന്നതല്ലേ , ഒരു കാര്യം ചെയ്യ്... വേരുതെയക്കേണ്ട.. എന്റെ ഒരു അനുയായിയെ ഞാന്‍ തന്നേക്കാം.. വിശ്വസ്തനാണയാള്‍...!!

സര്‍വ്വനാശിയായ കല്‍ക്കിയുടെ അവതാരത്തെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ - അവര്‍ ആര്‍ത്തു ചിരിക്കുകയാണ്. ഒരു സുനാമി കാണുകയും ആസ്വദിക്കുകയും ചെയ്ത ഞങ്ങളോടാണോ?

എല്ലാ ദുരന്തങ്ങളും ഞങ്ങള്‍ ആഘോഷിക്കുകയാണെന്നത് ചിത്രഗുപ്തന് അറിയാത്തത് കൊണ്ടാണ് ..

അതെ ചിത്രഗുപ്തന്‍ പിന്‍വാങ്ങുകയാണ്.. താടിരോമാങ്ങളില്ലതാവുന്നതിനു മുമ്പ്. നഖങ്ങളും പല്ലുകളും കൊഴിയുന്നതിനു മുമ്പ് ..

തികഞ്ഞ നിസ്സംഗതയോടെ ... നിറഞ്ഞ നിസ്സഹായതയോടെ.

പുസ്തകകെട്ടുകള്‍ മുന്നിലാളുന്ന തീയിലെക്കെറിഞ്ഞുകൊണ്ടു...!!


രണ്ട്

കാലചക്രം ഉരുളുകയാണ്..വേനലും വസന്തവും മാറിമാറി വന്നു, മഴ ഒരുപാട് പെയ്തിറങ്ങി.. ചിത്രഗുപ്തന്‍ ഇന്ന് സന്തോഷവാനും സംതൃപ്തനുമാണ്. യമപുരിയില്‍ അനുസരിക്കുക മാത്രം ചെയ്തു ശീലമുള്ള ഗുപ്തനിന്നു അത്യാവശ്യം ആജ്‌ഞ്ഞകള്‍ കല്പ്പിക്കുന്നെടം വരെയെത്തി. മന്ത്രി കൊട്ടരാത്തില്‍, പ്രധാനപ്പെട്ട മൂന്നു വകുപ്പുകള്‍ കൈകാര്യം ചെയ്തു വരുന്ന മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടരിയാണിന്നദ്യേഹം.

പ്രധാനപെട്ട മൂന്നു വകുപ്പുകള്‍ - അതിന്റെ കഥ ഏറെ രസകരമാണ്. എക്സൈസ്,ദേവസ്വം,പിന്നെ ടുറിസവും. ഒരുപാട് ചിന്തകളുടെ ആഴത്തില്‍ ഏറെ സമ്മര്‍ദം ചെലുത്തി മന്ത്രി തരപ്പെടുത്തിയതാണീ വകുപ്പുകള്‍. അണിയറയില്‍ ചിലരിതിനെ വിലകൊടുത്തു വാങ്ങിയതാണെന്ന് സംസാരമുണ്ടെങ്കിലും ..ഈ വകുപ്പുകളെക്കുറിച്ച് മന്ത്രിയുടെ അഭിപ്രായം തന്നെ നമുക്ക് മുഖവിലക്കെടുക്കാം.

നോക്ക് ദേവലോകത്തിലേക്ക്... ഇത് തന്നെയല്ലേ അവിടേം നടക്കുന്നത്. ദേവസഭകളില്‍ മദ്യവും മാദക നൃത്തവും ഇല്ലേ ? ഈ ലോകവും ഉള്ളെടത്തോളം കാലം ഇതൊക്കെ തന്നെയാണ് സാധ്യത. സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതല്ലേ നാം ചെയ്യേണ്ടത് .. മന്ത്രി അങ്ങിനെയാ.. വില കൂടിയ മദ്യം അകത്തു ചെന്നാല്‍ അങ്ങേരു പ്രൊലിറ്റെറിയനാ അതിലുപരി ഒരു നല്ല സോഷ്യലിസ്റ്റും ..

ആ വേളകളില്‍ ചിത്രഗുപ്തന്‍ സ്വയം മറന്നാസ്വദിക്കും എന്തോ ഒരു അസ്ത്വിത്വമുണ്ടായത് പോലെ ..ഇപ്പോള്‍ അയാള്‍ സ്വന്തം തൊഴിലിനെ ഇഷ്ടപെടാന്‍ തുടങ്ങി. ഇവിടെ കണക്കു പുസ്തകങ്ങളില്ല - എഴുത്താണിയുമില്ല . ഉള്ളത് മന്ത്രിയുടെ ഇംഗിതം നേരത്തെ അറിയണം, ഒരു ടെലിപതിക് തന്ത്രം. ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞു ചെയ്തു കൊടുക്കണം. ചിലപ്പോള്‍ കണ്ണും കാതും വായും അടച്ചിരിക്കേണ്ടി വരുമെന്ന് മാത്രം..അതിനെന്താ..കാറ്റും വെളിച്ചവും കേറാത്ത ആ പഴയ പാളസ്സാറില്‍ നിന്നും മോചനമായല്ലോ.. ഇന്നീ കഞ്ഞിപശയില്‍ കട്ടപിടിപ്പിച്ച ഖദര്‍ മുണ്ടും ഷര്‍ട്ടും തന്നെ ഒരു സുഖാ..

തറക്കല്ലിടലിന്റെയും ഉദ്ഘാടനങ്ങളുടെയും തിരക്കൊഴിഞ്ഞ ചില വൈകുന്നേരങ്ങളില്‍ മദ്യം സിരകളെ , തലച്ചോറിനെ കീഴ്പെടുത്തുംപോള്‍ ചുമരിലെ അര്‍ദ്ധനഗ്നനായ ഗാന്ധിജിയെ നോക്കി ചില വെളിപാടുകള്‍ അദ്ദേഹം നടത്താറുണ്ട്. അപ്പോള്‍ അദ്ദേഹത്തിനു പിഞ്ചു കുഞ്ഞുങ്ങളുടെത് പോലെ നിഷ്കളങ്കമായ മുഖവും മനസ്സുമാണ് .

പണ്ട് കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും കാലം .. ഉടുമുണ്ടുരിഞ്ഞ് വലതു തുടയിലെ വലിയപാട് കാണിച്ചു അദ്ദേഹം തുടങ്ങും. മുണ്ടുമുറുക്കിയുടുത്ത് സമരങ്ങളില്‍ പങ്കെടുത്ത കഥ. അപ്പോഴും അയാള്‍ ഭഗവാന്‍ കൃഷ്ണനെ സ്വകാര്യമായി ആരാധിച്ചതിനെ .. കൃഷ്ണനില്‍ എന്നും ഒരു പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്.

നവ കൊളോണിയസത്തെക്കുറിച്ച്, മുതലാളിത്വത്തിന്റെ പുതിയ മുഖങ്ങളെകുറിച്ച്, ജനാധിപത്യത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് ഗീതയും ഖുറാനും ബൈബിളും വെച്ച് അയാള്‍ ആഞ്ഞു കയറുന്നത് കേള്‍ക്കാന്‍ നല്ല സുഖമാണ്. വരാന്ത്യങ്ങളിലുള്ള ഉല്ലാസയാത്ര കഴിഞ്ഞുള്ള തുടര്‍ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മുഖത്തു "ഓഷോ "യുടെ തേജസ്സാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. തരുണിമണികളായ ആ രണ്ടു മാധ്യമപ്രവര്‍ത്തകരോടോപ്പമുള്ള യാത്ര അയാളെ എന്നും സന്തോഷവാനാക്കിയതായാണ് തോന്നാറുള്ളത്.. ഏതു മാധ്യമമാണ് അയാളെ ഉത്തേജിപ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്തതെന്ന് അവര്‍ക്കും അയാള്‍ക്കും മാത്രമേ അറിയൂ .. മുഖത്തെ സൂര്യതേജസ്സ് കണ്ടാലറിയാം അവരെല്ലാം ഹാപ്പിയാണെന്ന് !!

ഒരിക്കല്‍ വിലക്കയറ്റത്തെക്കുറിച്ച് പ്രതിപക്ഷം സഭയില്‍ ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു - ജനങ്ങള്‍ ഇതുമായോക്കെ സമരസപ്പെട്ടു പോകും , ഈ ബഹളങ്ങളൊക്കെ രണ്ടു ദിവസത്തിനുള്ളില്‍ തീരും. പണ്ട് എന്റെയൊക്കെ ചെറുപ്പകാലത്ത് കാണിക്കപ്പെട്ടികളില്‍ നാലണയും എട്ടണയുമായിരുന്നു ആളുകള്‍ ഇട്ടുവരാരുള്ളത് .. ഇന്നതാണോ സ്ഥിതി ? ഇന്‍ഫ്ലെഷന്‍ കണ്ടറിഞ്ഞല്ലേ ആളുകള്‍ നേര്ച്ചയിടുന്നത്. ഇതാരും പറഞ്ഞു കൊടുത്തിട്ടാണോ ??

അതെ , കാലചക്രം ഉരുളുകയാണ്..

ചിത്രഗുപ്തനിപ്പോള്‍ ഏറെ സംതൃപ്തനാണ് ..

സാധ്യതകളുടെ സാധ്യത ആരായുന്ന ഒരുവന്‍ ...

ഏതാണ്ട് നിങ്ങളെ പോലെ ...!!



മൈഥിലിയുടെ കനവുകള്‍ ..

മൈഥിലിയുടെ കനവുകള്‍ ..

പകലുറക്കത്തിന്റെ കനവില്‍ നിന്നും മൈഥിലി ഞെട്ടിയുണര്‍ന്നു.

ഉച്ചത്തിലുള്ള ആ നിലവിളി കേട്ടായിരിക്കണം മക്കളും മറ്റുള്ളവരും ചുറ്റും കൂടി നില്‍ക്കുന്നു.

അവരുടെ മുഖം കണ്ടാലറിയാം.. കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

ആ മുഖങ്ങളില്‍ ഭീതിയുടെയും ആകാംക്ഷയുടെയും നിഴലാട്ടങ്ങള്‍.

എന്താണ്,

എന്താണു പറ്റിയതെനിക്ക്..

ഓര്‍മ്മകളുടെ ചില്ലക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഒരു ശ്രമം. മൈഥിലി ഓരോന്നായി ഓര്‍ത്തു നോക്കി.

കണ്ണുകളെ ഭയം കീഴടക്കിയിരിക്കുന്നു. പൂര്‍ണ്ണമായില്ലെങ്കിലും ഓര്‍മ്മകളുടെ ഒരു ശ്ലഥചിത്രം മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ട്.

പകലായാലും രാത്രിയായാലും വേണ്ടില്ല , ഒന്ന് മയങ്ങിയാല്‍ മതി സ്വപ്നങ്ങളുടെ പെരുമഴ തന്നെയാണവള്‍ക്കെന്നും ..നല്ലതും ചീത്തയുമായ ഒരു പാട് സ്വപ്നങ്ങളുണ്ട് അവള്‍ക്കു പറയാന്‍ .പലപ്പോഴും തന്റെ കിനാക്കളിലെ ഭ്രമാത്മകത കൊണ്ടായിരിക്കാം അധികമാരും അവള്‍ക്കു ചെവി കൊടുക്കാറില്ല എന്നത് നേര് .

പച്ച പട്ടുപാവടയുടുത്ത യൌവനത്തില്‍.., കടുത്ത വര്‍ണ്ണങ്ങളിലുള്ള ഒരുപാട് കാഴ്ചകള്‍ അവളുടെ രാവുകളെ പകലാക്കിയിട്ടുണ്ട്.

നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങി വന്നതും താനുമായി കിന്നരിച്ചതും ,പിന്നെ ചില ഗന്ധര്‍വന്മാര്‍ തനിക്കു മധുരം നല്കിയതും,

അങ്ങിനെ പലതും.

ഭയം മനസ്സിന്റെ സ്വസ്ഥത കെടുത്താറൂണ്ടെങ്കിലും ചില കിനാക്കള്‍ അവളുടെ ജീവിതത്തില്‍ പച്ചപ്പ്‌ നിലനിര്‍ത്താന്‍ സഹായിച്ചുവെന്നതും സത്യമാണ്.

ഇന്ന് ഉച്ചമയക്കത്തില്‍ കണ്ടതെന്തായിരുന്നു.

പാതിയടഞ്ഞ കണ്ണുകളോടെ അവള്‍ തന്റെ സ്വപ്നത്തിന്റെ വേരുകളിലെക്കിറങ്ങി .

ചിന്തകള്‍ മുറിയുന്നു.

പറയു, എന്താണുണ്ടായത്.ഭാസുരചന്ദ്രന്‍ അവളോട്‌ ചോദിച്ചു .

വല്ലപ്പോഴും തന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളുടെ നല്ല ശ്രോതാവ് അയാളായിരുന്നിരിക്കണം... മൈഥിലി ഓര്‍ത്തു.
കണ്ണുകളിറുക്കി തന്റെ തടിച്ച ചുണ്ടുകളില്‍ ഒരുകൊണില്‍ നിന്ന് തുടങ്ങി മറ്റേ കോണുവരെ പടരുന്ന വലിയ ചിരി തുടര്‍ന്നുകൊണ്ടു അവള്‍ പറഞ്ഞു.

പറയാം... അവസാനം വരെ കേള്‍ക്കണമെന്ന് മാത്രം.


സത്യത്തില്‍ ഒരുപാട് അര്‍ഥതലങ്ങളുള്ള ഈ ചിരിയാണ് മൈഥിലിയെ ഇത്രയേറെ സൌന്ദര്യവതിയാക്കുന്നത് .

അയാള്‍ മനസ്സില്‍ പിറുപിറുത്തു..... അല്പം കൂടി മുന്നോട്ടഞ്ഞു അവളെ പ്രോത്സാഹിപ്പിച്ചു.

അതേയ്, കൊഴിഞ്ഞുപോയ പല്ലുകളുടെ ഒരു കൂമ്പാരം ...

നമ്മുടെ കിഴക്കന്‍ മലയെക്കാള്‍ വലുത് ...


എന്നിട്ട്, എന്നിട്ട്..? അയാള്‍ ആകാംക്ഷയോടെ ചോദിച്ചു.

പല്ലുകള്‍ കൊഴിഞ്ഞില്ലാതായവരുടെ ഒരു ഗ്രാമം. അവിടെ എല്ലാവരും മോണ കാട്ടി ചിരിക്കുകയാണ്. കുട്ടികളും മുതിര്ന്നവരുമെല്ലാം .. ഭക്ഷണം ദ്രവരൂപത്തിലാക്കി കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്ക് നല്‍കുന്നു...

അവര്‍ തിരിച്ചും.

അടുക്കളയിലും അകത്തളങ്ങളിലും നടുക്കോലായിലും ഫീഡിംഗ് ബോട്ടിലുകളുടെ കൂമ്പാരം ..

വിശന്ന വലിയ വയറുകള്‍ കൂടുതല്‍ ഭക്ഷണത്തിനായി അലമുറയിടുന്നു..!!

മോണ കാട്ടിയുള്ള അവരുടെ ഈ ചിരി ദൈന്യതയുടെതാണോ എന്നൊരു സംശയം അവളുടെ മനസ്സില്‍ തട്ടിയിട്ടുണ്ട്.

കവിളുകള്‍ തുടുക്കുകയും കണ്ണുകള്‍ കലങ്ങുകയും ചെയ്യുന്നുണ്ടോ, അസ്വസ്തമാകുമ്പോള്‍ അവളങ്ങിനെയാ, ആ മുഖത്തെ നിറവ്യത്യാസം കണ്ടാലറിയാം, ഉള്ളിലെന്തോ പുകയുന്നുണ്ടെന്ന്..

ഭാസുരചന്ദ്രന്‍ കുറച്ചുകൂടി അടുത്തെക്കിരുന്നു,അവളുടെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ടു ചോദിച്ചു..

കുടിക്കാനിത്തിരി വെള്ളം?

മുന്നിലെ മണ്‍കൂജയില്‍ നിന്ന് അല്പം വെള്ളമെടുത്തു അവള്‍ക്കു നേരെ നീട്ടി.

വരണ്ട തൊണ്ടയിലിത്തിരി തെളിനീരിറങ്ങിയപ്പോള്‍ ... മുഖത്തെ പേശികള്‍ക്കല്പം അയവു വന്നു. വശ്യമായ ആ ചിരി വീണ്ടും ചുണ്ടില്‍ വിരിയിയുന്നതുപോലെ ..

ഹാവു.. ആശ്വാസായി


മുഖത്തെക്കുതിര്‍ന്നു വീണ മുടി പിറകിലോട്ടുമാറ്റി., അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഭാസുരചന്ദ്രന്‍ വീണ്ടും ചോദിച്ചു ..

എന്നിട്ട്?

തെല്ലോരാവേശത്തോടെ തന്നെ... അവള്‍ തുടര്ന്നു..


കൊഴിഞ്ഞ പല്ലുകള്‍ ..

കൊഴിഞ്ഞ പല്ലുകള്‍ ..

ആള്‍ക്കാര്‍ പരസ്പരം പഴി പറഞ്ഞു.

ഒന്നും വ്യക്തമല്ല ,

അക്ഷരങ്ങള്‍ ഇല്ലാതാവുന്നു...

വാക്കുകള്‍ മുറിഞ്ഞു വീഴുന്നു....

മനസ്സിലുള്ളത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ആവാത്തതിലുള്ള പ്രയാസം..

കൈകള്‍ നാക്കായി, വിരലുകളെ ഭാഷ കൈമാറുന്നതിനായി ഉപയോഗിച്ചു....!1

എന്നിട്ട്..എന്നിട്ട്..?

പല്ലുകളില്ലാത്തവരുടെ ഗ്രാമം..കാറ്റും കിളികളും വാര്‍ത്ത അയല്‍ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തിച്ചു. അറിഞ്ഞവര്‍ മറ്റുള്ളവരോട് പറഞ്ഞു... വാര്‍ത്ത കേട്ടതും നഗരങ്ങളിലും മറ്റു ഗ്രാമങ്ങളിലുള്ള ആള്‍ക്കാര്‍ കൂട്ടം കൂട്ടമായി അവിടെക്കൊഴുകി.

കൊഴിഞ്ഞുവീണ പല്ലുകളുടെ കൂമ്പാരം നാള്‍ക്കുനാള്‍ വലുതായി.

ഗ്രാമം ആധിപൂണ്ടു ..

മുഖ്യന്‍ ഗ്രാമസഭ വിളിച്ചു.

പ്രതിവിധിയുണ്ടാക്കണം ..

അങ്ങിനെ ഒരു ദിവസം സഭ കൂടി, കൊട്ടാര വിദൂഷകന്മാരും ആസ്ഥാന വൈദ്യനുമാടക്കം ഒരുപാട് പേര്‍..

കുലങ്കുഷമായ ചര്‍ച്ചകള്‍.. രാവുകള്‍ പകലാവുന്നു.

ഉറക്കച്ചടവുകളുള്ള കണ്ണുകളില്‍ ക്ഷീണം ആലസ്യമായി തീരുന്നു.

ഗ്രാമമുഖ്യന്റെ സാനിദ്ധ്യം അതില്ലാതാക്കുന്നുവെങ്കില്‍ പോലും.

ചിന്തകള്‍ മുറിയാതിരിക്കുന്നതിനു... ആലസ്യം കണ്ണുകളെ തളര്ത്താതിരിക്കുന്നതിനു - നഗരത്തില്‍ നിന്നും എത്തിയ സുന്ദരിമാര്‍ തെളിനീരു തുണിയിലാക്കി കണ്പോളകളൊപ്പുകയും ഉമിനീരിറങ്ങിയ വായിലേക്ക് വിലകൂടിയ മദ്യം അല്പാല്പം ഒഴിച്ചും കൊണ്ടേയിരുന്നു.

ചിന്തകള്‍ക്ക് ഭഗ്നം വരരുതല്ലോ...?

പല്ലുകളുടെ വേരുകള്‍ മോണയിലുറക്കുന്നില്ല ... പുസ്തകങ്ങള്‍ നിരത്തി ആസ്ഥാന വൈദ്യന്‍.

തന്റെ ഗവേഷണസിദ്ധിയില്‍ പൂര്‍ണ വിസ്വാസമര്‍പ്പിച്ചു .. ഒരു വലിയ അട്ടഹാസത്തോടെ പിറകിലെ കസേരയിലെക്കയാള്‍ ചാഞ്ഞു.

കഴിക്കുന്ന ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞതാണെന്നൊരാള്‍.....

ആയാതിനാല്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കണം .

കഴിക്കുന്ന ഭക്ഷണം വിഷലിപ്തമായതാണ് കാരണമെന്ന് ...തന്റെ താടി രോമങ്ങളുഴിഞ്ഞുകൊണ്ട് ധനം കൈകാര്യം ചെയ്യുന്ന പ്രധാന വിദൂഷകന്‍ . കൂട്ടത്തില്‍ സ്മരിക്കേണ്ടത് ഇയാളെയാണ്.,എന്തും വെറുതെയങ്ങിനെ വിളിച്ചു പറയുന്ന ഒരാളല്ല, ഏതിനും ചില കണക്കുകള്‍ കാണും നിരത്താന്‍.

ചര്‍ച്ചകളുടെ വിരസത ഗ്രാമമുഖ്യനെ അസ്വസ്ഥനാക്കി... വാദങ്ങളും പ്രതിവാദങ്ങളുമായി, ചര്‍ച്ചകള്‍ വീണ്ടും നീളുകയാണ്.

ഒരു തീരുമാനമാകാതെ..,

നിര്‍ത്തൂ... വാഗ്വാദങ്ങളല്ല.,

" പരിഹാരമാണ് വേണ്ടത് "

പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ പറ്റുന്ന ആരെങ്കിലുമുണ്ടോ ഈ കൂട്ടത്തില്‍...?

പൊടുന്നനെ ഒരു ശബ്ദം.. എല്ലാ കണ്ണുകളും അങ്ങോട്ട്‌ .

എനിക്കു ചിലതു പറയാനുണ്ടേയ്.. അനുവദിക്കുകയാണെങ്കില്‍. സദസ്സ് നീശബ്ധമായി ,

എല്ലാ കണ്ണുകളും അങ്ങോട്ട്‌ തിരിഞ്ഞു.


ഉം .. കേള്‍ക്കട്ടെ, മുഖ്യന്‍ ഉത്തരവായി...മെലിഞ്ഞു നീണ്ട, വായില്‍ നിരനിരയായി വെളുത്ത പല്ലുകളുള്ള ഒരു വയോധികന്‍ ,

ഇത്തിരി ജാല്ല്യത്തോടെ , തന്റെ തോള്‍മുണ്ട് ഒന്നുകുടഞ്ഞു ..തൊണ്ടയനക്കി, പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നുമാണ്. അവിടെ എല്ലാവര്ക്കും ബലമുള്ള പല്ലുകളുണ്ട്..

ഇവിടെ അതല്ല സ്ഥിതി. തന്റെ കയ്യിലെ തഴമ്പ് കാണിച്ചു അയാള്‍ തുടര്ന്നു,

നിങ്ങള്‍ നിങ്ങളുടെ സമയത്തിന്റെ കൂടുതല്‍ ഭാഗവും ഉപയോഗിക്കുന്നത് സംസാരിക്കാനാണ്...

മെയ്യനങ്ങാതെ കഠിനമായ വാക്കുകളുപയോഗിച്ചു മറ്റുള്ളവരെ കീഴ്പ്പെടുത്തുകയാണെന്നും പതിവ്...

ചിലപ്പോഴൊക്കെ നിങ്ങള്‍ വിജയിച്ചിട്ടുമുണ്ട് ...

സ്വന്തം അന്നത്തിനുള്ള അരി വകകള്‍ നേടിയെടുക്കുന്നത് പോലും പലപ്പോഴും അങ്ങിനെയാണ്.

സ്വന്തം അടുക്കളയിലെക്കുള്ളതിനു അയല്‍ഗ്രാമത്തിലേക്ക് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവരാണ്.

ആസ്ഥാന വൈദ്യനും വിദൂഷകന്മാരും അസഹിഷ്ണുത കാട്ടി, ഇയാളുടെ ഒരു വിവരണം...


സദസ്സ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.മുഖത്തെ വിയര്‍പ്പുകള്‍ തുടച്ചു കൊണ്ട് അല്പം ആവേശത്തോടെ അയാള്‍ തുടര്ന്നു..

" വാക്കുകളാണ് നിങ്ങളുടെ ആയുധം...ജീവിതം വാക്കു കൊണ്ടു തീര്‍ക്കുകയാണ് നിങ്ങള്‍..."

നിങ്ങളുപയോഗിക്കുന്ന കഠിനപദങ്ങളും അവയിലെ അശ്ലീലവുമായിരിക്കാം

ഒരുപക്ഷെ പല്ലുകളുടെ വേരുകളുറക്കാത്തതിന് കാരണം..

നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ അയാള്‍ പറഞ്ഞവസാനിപ്പിച്ചു ..

സദസ്സ്‌ പിരിയുകായാണ്.. മുഖ്യന്‍ തന്റെ തീരുമാനങ്ങള്‍ വായിച്ചു.


" ഗ്രാമസഭ എല്ലാവര്ക്കും ഓരോ തുമ്പ നല്‍കുന്നതാണ് .. പണമടച്ച് കൈപറ്റുക... ഓരോ സൌജന്യങ്ങളും നമ്മെ കൂടുതല്‍ കൂടുതല്‍ അലസരാക്കുന്നു എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിഞ്ഞിരിക്കുന്നു "


മൈഥിലി ആലസ്യത്തില്‍ നിന്നും പൂര്‍ണമായും ഉണര്‍ന്നു..

ഒരു നിറഞ്ഞ ചിരിയോടെ, പുതിയ ഒരാവേശത്തോടെ...

അവളുടെ ഇരു കൈകളും നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു ഭാസുരചന്ദ്രന്‍ പ്രാര്‍ഥിച്ചു ... അടുത്ത കനവുകള്‍ക്കായി.

ഗുലാം അലി പാടുന്നു..

ജനലഴികള്‍ പിടിച്ച് അവള്‍ പുറത്തേക്ക് നോക്കി.ആകാശത്തു ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്കിടയില്‍ തെളിയാന്‍ പ്രയാസപ്പെടുന്ന നക്ഷത്രങ്ങള്‍.ഇരുട്ട് പടരുകയാണ്. പുറത്തു ചീവിടുകളുടെ ശബ്ദം, ഒച്ച വെച്ച് ഓരിയിടുന്ന കുറുനരികള്‍ .മനസ്സില്‍ ആശങ്കയും ഭീതിയുമുണര്ത്തുന്നു.

മനസ്സ് ഒരുപാട് പിറകൊട്ട് പാഞ്ഞു.പൂക്കളും ചിത്രശലഭങ്ങളും സ്വപ്നം കണ്ടു നടന്ന ഷാഹിദ എന്ന പെണ്‍കുട്ടിയിലേക്ക്‌, അവളുടെ ബാല്യകാല കുസൃതികളിലേക്ക്...രാക്കിനാക്കളില്‍ നക്ഷത്രങ്ങളെ സ്വപ്നം കണ്ടും ഗസലുകളും വര്‍ണ്ണങ്ങളും നെഞ്ചില്‍ പേറി നടന്ന തന്റെ യവ്വനത്തിലേക്ക്. കണ്ണുനീര്‍ വരണ്ടുപോയ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ ജനല്‍ വാതില്‍ കൊട്ടിയടച്ചു.

ഓര്‍മ്മകള്‍ വേട്ടയാടുകയാണ്...ഗുലാം അലിയുടെയുടെയും പങ്കജ് ഉധാസിന്റെയും ജഗ്ജിത്തിന്റെയും വരികള്‍ , കാറ്റിലുലയുന്ന മുളംകാടുകളില്‍ നിന്നുമുയരുന്ന മര്‍മ്മരം പോലെ അവളുടെ കാതുകളെ സമ്പന്നമാക്കി.ദാവിഞ്ചിയുടെയും സാല്‍വഡോര്‍ ഡാലിയുടെയും പെയിന്റിങ്ങുകള്‍ അവളുടെ കണ്ണുകള്‍ക്ക്‌ ആനന്ദനൃത്തമായി. മാധവിക്കുട്ടിയുടെ പച്ച പട്ടുപാവാടയുടുത്ത പെണ്‍കുട്ടിയെപ്പോലെ ഷാഹിദയും നിറഞ്ഞോഴുകുകയായിരുന്നു. ഒരു പുഴയെ പോലെ..

അവള്‍ പോലുമറിയാതെ അവള്‍ വളരുകയായിരുന്നു.

ഏതൊരു രക്ഷിതാക്കളെയും പോലെ അവളുടെ ബാപ്പയുടെയും ഉമ്മയുടെയും രാത്രികളില്‍ നിന്നും ഉറക്കം വിട്ടു നിന്നു. മോള് വളരുകയല്ലേ.., അവളെ സുരക്ഷിതമായ ഏതെങ്കിലും കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കേണ്ടേ. ബാപ്പ ഉമ്മയോടായി പറഞ്ഞു.

പാറി നടക്കുന്ന പ്രായമല്ലേ അവള്‍,കുറച്ചുകൂടി കഴിഞ്ഞു പോരെ.ഉമ്മ നിലപാട് വ്യക്തമാക്കി. വിവാഹാലോചനകള്‍ പലതും നടന്നു. ആദ്യമൊക്കെ ഷാഹിദയ്ക്കതൊരു താമാശ മാത്രമായാണ് തോന്നിയത്.ഷോകേയ്സിലിരിക്കുന്ന കളിപ്പാവ പോലെ,ഇടയ്ക്കൊന്നു തേച്ചുമിനുക്കി അവളവരുടെ മുന്നിലിരുന്നു കൊടുത്തു.അയാള്‍ പൂശിയ അത്തറിന്റെ മണമാസ്വദിച്ച്,അവന്റെ മനസ്സില്‍ പുകയുന്ന കനലുകളില്‍ നോക്കി അവളാനന്ദം കൊണ്ടു..വെറുതെ, ദാലിയുടെയൊരു പെയിന്റിങ്ങ് പോലെ അവളതാസ്വദിച്ചു.

പിന്നെ പിന്നെ കാര്യങ്ങള്‍ കൈവിട്ടു പോയത് പോലെ... കൂട്ടില്‍ അകപ്പെടുമെന്ന് ഉറപ്പായ ഒരു കിളിയുടെ വേദന, അവളുടെ സന്തോഷങ്ങളെ ഇല്ലാതാക്കി. രാത്രികളില്‍ നക്ഷത്രങ്ങളില്ലാതാവുകയും ഗസലുകള്‍ താരാട്ടായി മാറാതിരിക്കുകയും ചെയ്തു. വൈകി ഉറങ്ങുന്ന രാത്രികള്‍..വൈകി ഉണരുന്ന പ്രഭാതങ്ങള്‍. എന്നും തന്റെ കിടപ്പുമുറിയുടെ ജനലില്‍ തട്ടി തന്നെ ഉറക്കമുണര്‍ത്തുന്ന കിളി എന്തോ പരിഭവിച്ചു പിണങ്ങി പോയി കാണണം.

ഉമ്മയെയും ബാപ്പയെയും ഇനിയും വിഷമിപ്പിച്ചു കൂട. ഗത്യന്തരമില്ലാതെ അവള്‍ വിവാഹത്തിനു സമ്മതിച്ചു. കാണാന്‍ മൊഞ്ചുള്ള,നിറയെ അത്തറ് പൂശിയ ചെറുക്കന്‍.ബോളിവുഡിലെ ഏതോ ഒരു നായക നടനെ ഓര്‍മപ്പെടുത്തുന്ന മുഖം. പരാധീനതകള്‍ക്കിടയില്‍ , പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഒന്നിനും ഒരു കുറവും വരുത്താതെ ബാപ്പ കെട്ട് നടത്തിച്ചു. ഷാഹിദ മെല്ലെ മെല്ലെ സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിന്റെ യഥാര്ത്യങ്ങളിലേക്ക് നടന്നടുക്കുകയാണ്. ഭയപ്പടിന്റെ ആദ്യ നാളുകള്‍ ..അത് വരെ അരുതെന്ന് കരുതിയതും അറിവില്ലാത്തതുമായ ചില സന്തോഷങ്ങള്‍...അത്തറിന്റെ സൌരഭ്യത്തിനായി എന്നും അവളുടെ മൂക്ക് വിടര്‍ന്നു നിന്നു.

ആണ്ടു തികയുന്നതിനു മുന്‍പേ അവളമ്മയായി..അത് പച്ച പട്ടുപാവാടയുടുത്തു മനസ്സില്‍ സ്വപ്‌നങ്ങള്‍ പേറി നടന്നിരുന്ന ഷാഹിദയില്‍ ഒരു പാട് മാറ്റങ്ങളുണ്ടാക്കി.പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയ സൂര്യന്‍ പടര്‍ത്തുന്ന ചുവന്ന രാശികള്‍...തന്റെ പ്രാണേശ്വരനെ തന്നിലേക്ക് ആവാഹിക്കാന്‍ ആവേശത്തിരകള്‍ ഉയര്‍ത്തുന്ന കടല്‍...രു സാമിപ്യത്തിനായി , ഒരു ആലിന്ഗനത്തിനായി അവള്‍ കാത്തിരുന്നു.അത്തറിന്റെ സൌരഭ്യത്തിനായി.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയതെപ്പോളാണെന്നറിയില്ല ,ആഡമ്പരങ്ങളിലുള്ള ആവേശം അയാളുടെ പെരുമാറ്റത്തിലും കണ്ടു.വിപണിയിലിറങ്ങുന്ന പുതിയ കാറുകളോടുള്ള ഭ്രമം പരിചയപ്പെടുന്ന പെണ്ണുങ്ങളോടും അയാള്‍ കാണിച്ചു തുടങ്ങി. ചെറുത്തു നില്‍പ്പിന്റെതായ ആദ്യ നാളുകള്‍, താന്‍ നാട്ടു വളര്‍ത്തുന്ന പൂന്തോട്ടത്തില്‍ പൂക്കള്‍ കണ്മുന്നില്‍ വാടി കരിഞ്ഞു പോകുന്നതുപോലെ.അത്തറിന്റെ പരിമണത്തിനുപകരം വിയര്‍പ്പിന്റെ വാടകെട്ടിയ മണം.. നിറം മങ്ങിയ ഒരു പെയിന്റിങ്ങ് പോലെ, വിരസതയുടെ ആഴത്തിലേക്ക് അവള്‍ നടന്നകന്നു.

ജീവിതമൊരു പുഴയാണെന്നും അല്ല പുഴ തന്നെയാണ് ജീവിതമെന്നും പണ്ടെവിടെയോ വായിച്ചതായി അവളോര്‍ത്തു. തടയണകള്‍ ഉണ്ടാകാതെ നോക്കണം... നിറഞ്ഞു കവിഞ്ഞ്, ഇരുകരകളിലുമുള്ള മുളംകൂട്ടങ്ങളില്‍ മര്മ്മരമുണര്ത്തി ഒഴുകുന്ന പുഴ. ഒരശരീരി പോലെ ഏതോ ഒരു നക്ഷത്രമവളുടെ കാതില്‍ മന്ത്രിച്ചു...ഗുലാം അലിയുടെ ഗസലിനായി അവള്‍ റേഡിയോ ഓണ്‍ ചെയ്യുന്നു...

ദില്‍ മേഇന്‍ കിസി കെ രാഹ് കിയ
ജ രഹാ ഹൂണ്‍ ......

മരണത്തിലേക്കുള്ള നാള്ദൂരം..

സൂര്യന്റെ ചൂട് കൂടി കൂടി വരികയാണ്. ശരീരത്തില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ അണമുറിയാതെ ഒഴുകുന്നു. ആകെ ഒരു വിങ്ങല്‍ അനുഭവപ്പെടുന്നു.ദാഹമകറ്റാന്‍ ഇത്തിരി തണുത്ത വെള്ളത്തിനായി അയാളുടെ കൈകള്‍ നീണ്ടു. സമയമൊരുപാട് കഴിഞ്ഞിട്ടും ആരും അയാളെ ശ്രദ്ധിക്കുന്നേയില്ല. വരണ്ട ചുണ്ടുകളില്‍ വെറുതെ നാക്കുകൊണ്ട് തുടച്ചു. ഇല്ല, ഉമിനീരുപോലും വറ്റിയിരിക്കുന്നു. തൊണ്ടയില്‍ കുടുങ്ങിയ കഫക്കെട്ട് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ശരീരത്തിലെ ഉപ്പു അലിഞ്ഞാവിയായ് പോകുന്നത് പോലെ. ഇനിയധിക കാലമില്ലെന്നു മനസ്സ് പറയുന്നു. പ്രമാണങ്ങളില്‍ അവസാനത്തെ ചുണ്ടോപ്പു പതിക്കുമ്പോള്‍ മനമിടറിയതയാള്‍ക്ക് ഓര്‍മ്മയുണ്ട്. പീളകെട്ടിയ തന്റെ കണ്ണുകള്‍ക്ക്‌ അപ്രാപ്യമായ വരികളില്‍ കൈപിടിച്ച് ഒപ്പിടീക്കുമ്പോള്‍ അവര്‍ കാണിച്ച ധൃതിയില്‍ എല്ലാമുണ്ടായിരുന്നു.

എഴുപതു സംവത്സരങ്ങള്‍, ഒലിച്ചില്ലാതായതുപോലെ... ശിഥിലമാകുന്ന ബന്ധങ്ങള്‍, നിരര്‍ഥകമാകുന്ന അദ്ധ്വാനം. അതിര്‍ത്തിയിലെ ബാരക്കുകളില്‍ , കനംതൂങ്ങിയ കണ്ണുകളില്‍ പ്രകാശം പരത്തി അവളും കുട്ടികളും. ആണ്ടവുധിക്കായി കലണ്ടറിന്റെ പേജുകള്‍ കീറിയെടുത്തും വിരലുകളെണ്ണിയും നാളുകള്‍ നീക്കിയ ഒരു കാലം. ഇണയുടെ അടുത്തെത്താന്‍ , കൂടണയുന്നതിനായി മനസ്സ് പറക്കുകയാണ്. ഇല്ലാത്ത ശത്രുവിനെ കാത്തു ഉറങ്ങാത്ത രാത്രികള്‍... അല്ലെങ്കില്‍ തന്നെ ആര് ആരെയാണ് ആക്രമിക്കെണ്ടത്? അരപ്പട്ടിണിക്കാരന്‍ മുഴുപ്പട്ടിണിക്കാരെനെയോ..?

അധികാരവും സമ്പത്തും നഷ്ടപ്പെടുവാനുള്ള ചെറിയ ഒരു ന്യുനപക്ഷത്തിന്റെ ആകുലതകളും ആശങ്കകളും അല്ലാതെ മറ്റെന്താണ് യുദ്ധം . കടന്നുകയറ്റങ്ങളുടെയും വെട്ടിനിരത്തലുകളുടെയും ലളിതമായ മനശാസ്ത്രം അതല്ലാതെ മറ്റെന്താകാനാണ്. യുദ്ധവും യുദ്ധത്തിനായുള്ള കാത്തിരിപ്പും നിരര്‍ഥകമായ ഒരു ജീവിതത്തിന്റെ വാര്ധക്യത്തിലെക്കുള്ള ഇടവഴിയാകാനെ തരമുള്ളൂ. ഇടയ്ക്ക് ബയണറ്റും തോക്കിന്‍ കുഴലുകളും തുടച്ചു വൃത്തിയാക്കി ട്രഞ്ചിനു പിറകില്‍ ശത്രുവിനെ കാത്ത്, ഉറക്കംകെട്ട രാവുകള്‍. വല്ലപ്പോഴും അതിര്‍ത്തി നൂണുകയറിവരുന്ന കന്നുകാലിമേയ്ക്കുന്ന പിള്ളേരോ, വല്ല മോഷ്ടാക്കളോ വന്നെങ്കിലായി..കുടിച്ച റമ്മിന്റെ ദാഹമകറ്റാന്‍ അവരുടെ മേല്‍ കൈക്കരുത്തുകാട്ടി ആത്മ സംതൃപ്തിയടയാം, അത്ര തന്നെ.. വാര്‍ദ്ധക്യംപോലെ വിരസമാണ് യുദ്ധവും.. ആഴ്ചകളും മാസങ്ങളുമെടുക്കുന്ന മറുപടിക്കത്തിനായി ഉണരുന്ന പ്രഭാതങ്ങള്‍. ഒരു വേനല്‍ മഴപോലെ മനസ്സില്‍ കുളിര് കോരിയിടുന്നു .

പന്തലിച്ചു കിടക്കുന്ന ഇളമാവ്‌. അതിന്റെ ശിഖിരങ്ങള്‍ ഓരോന്നായി കരിഞ്ഞുണങ്ങിയിരിക്കുന്നു. തായ്ത്തടി മുതല്‍ കൊമ്പുകള്‍ വരെ, അര്‍ബുദം പോലെ പടര്‍ന്നു പിടിച്ച ഇത്തിക്കണ്ണികള്‍ . മരംകൊത്തി പക്ഷിയുണ്ടാക്കിയ ഒരു വലിയ പൊത്ത്... ഒരു പാട് കഥകള്‍ പറയാനുണ്ടാവാം ആ ഇളമാവിന് . മൂന്നു തലമുറകളിലെ കൌമാരങ്ങള്‍ക്ക് തെന്പുരട്ടിയ കഥ. ഊഞ്ഞാലുകളില്‍ സ്വപ്നങ്ങള്‍ നെയ്തു കൊടുത്ത കഥ ,അങ്ങിനെ പലതും.. ഇനിയാരുടെ ചിതയോരുക്കലാണാവോ തനിക്കുള്ള ദൌത്യം? ഇളമാവ്‌ അങ്ങിനെ ചിന്തിക്കുന്നതായാണ് അയാള്‍ക്ക്‌ തോന്നിയത്.

ഭാഗപത്ര പ്രകാരം തെക്കിനിയിലെ ആ മാവ് മകള്‍ക്കുള്ളതായിരുന്നു. മഷിയുണങ്ങും മുമ്പേ അത് വില്‍പ്പനക്കായി അവളാളെയാക്കി. ശ്മശാനം സൂക്ഷിപ്പുകാരനും വിറകു കച്ചവടക്കാരനും ഒരാളാകുന്നതിന്റെ ലളിതമായ യുക്തി നമുക്ക് മനസ്സിലാക്കാം. താന്‍ വെട്ടുന്ന തടി ആ കുടുംബത്തിലെ ആരുടെയോ ചിതയോരുക്കുന്നതിനാവും എന്നത് അവനുണ്ടോ അറിയുന്നു ? ഒരു ഗൂഡമായ ചിരി അയാളിലെന്നുമുണ്ടാവും... അതിനു വേണ്ടിയാണല്ലോ അവരിത്ര കണിശമായ വിലപേശലുകള്‍ നടത്തുന്നത്.

വഴിയരികില്‍ സ്വര്‍ണ രാശികള്‍ പടര്ത്തികൊണ്ട് കണിക്കൊന്ന പൂത്തുനില്‍ക്കുന്നു. യവ്വനത്തെ ഓര്‍മ്മപ്പെടുത്തി...ഇലകളൊഴിഞ്ഞു പൂക്കള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന. ചെറിയ ഒരു കാലമാണെങ്കിലും കത്തുന്ന സൂര്യന് നേരെ പ്രണയവസന്തമൊരുക്കി , മറ്റു പൂക്കളില്‍ നിന്നും വ്യത്യസ്തമാകാന്‍ വെമ്പല്‍ കാട്ടുന്നു. മേടമാസത്തിന്റെ അവസാനത്തില്‍ പെയ്ത ഒരു കനത്ത മഴയില്‍ കുതിര്ന്നില്ലാതാവുന്ന പൂക്കള്‍. എല്ലാത്തിനുമൊരു കാലമുണ്ടെന്ന വീണ്ടുവിചാരവുമായി...

കാലനെടുക്കുന്ന ആ നാളിനെയോര്‍ത്തു, തെക്കോട്ടു നോക്കി .. മരണത്തിന്റെ നാള്ദൂരമളന്ന് അയാള്‍ ഒടിഞ്ഞ ആ ചാരുകസേരയിലിരുന്നു.

ഒരു പകല്‍ക്കിനാവിന്റെ പൊരുള്‍ തേടി..


ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. താഴാരത്തു നിരനിരയായി പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍.അവയ്ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. അവയുടെ ഇലകളില്‍ പെയ്തിറങ്ങിയ മഞ്ഞു തുള്ളികളില്‍ തട്ടി , വെള്ളിരേഖകള്‍ തീര്‍ക്കുന്ന സൂര്യ കിരണങ്ങള്‍. അങ്ങിങ്ങായി കാണപ്പെടുന്ന ഒറ്റപ്പെട്ട കുടിലുകള്‍.

ശിവാനി ഗുപ്ത തന്റെ ബെഡ്റൂമിന്റെ ജനലുകളും വാതിലും അടച്ചു തഴുതിട്ടു.മുറിയില്‍ നീല നിറത്തിലുള്ള അരണ്ട വെളിച്ചം മാത്രം. മുന്നിലുള്ള വലിയ കണ്ണാടിയുടെ അരികിലേക്ക് അവള്‍നീങ്ങി. തന്റെ ചുവന്നു തുടുത്ത വലിയ ചൂണ്ടുകളില്‍ വലതു ചൂണ്ടാണി വിരല്‍കൊണ്ട് വെറുത തടവുകയാണ്‌. ചുണ്ടുകള്‍ വിരിയുകയാണ്. ശരീരമാസകലം ഒരു നേരിയ തണുപ്പ് അനുഭവപ്പെടുന്നു. നാണം കവിളുകളിലേക്ക് ഒഴുകിയെത്തി. കീഴ്ചുണ്ടില്‍ വിരലമര്‍ത്തി അവള്‍ ഏറെനേരം അതാസ്വദിച്ചു.
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്ക് അവളുടെ കണ്ണുകള്‍ പാഞ്ഞു. കണ്ണാടിയില്‍ നോക്കി തന്റെ സൌന്ദര്യം ആസ്വദിക്കുന്ന സ്ത്രീ..ചിത്രം മനസ്സില്‍ തറഞ്ഞു.
ഉള്ളില്‍ സന്തോഷത്തിന്റെ തിരകള്‍ ഓളമുയര്‍ത്തുന്നു . കൈവിരലുകള്‍ മെല്ലെ കവിളുകളിലേക്ക് ... നുണക്കുഴികള്‍ പടരുകയാണോ? ഇത്തിരി നാണം അവളെ കുടുതല്‍ കുടുതല്‍ ആവേശത്തിലാക്കി.വിരലുകള്‍ കവിളില്‍ നിന്നും ചുണ്ടിലേക്ക്‌, പിന്നെ പിന്നെ താഴേക്ക്..
കണ്ണാടിയിലെ തന്റെ പ്രതിബിംബത്തില്‍ തന്നെ നോക്കി അവളേറെ നേരം നിന്നു, അവളുടെ കണ്ണുകള്‍ ആഘോഷിക്കുകയാണ്. താന്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഓരോന്നായി ഊരി കിടക്കയിലേ ക്കെറിഞ്ഞു കൊണ്ട്, തന്റെ നിറഞ്ഞ മാറിടത്തില്‍,വീതിയേറിയ അരക്കെട്ടില്‍ ... ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കുമുണ്ടായ വളര്‍ച്ചയിലും അവള്‍ ആവേശം കൊണ്ടു...അഭിമാനത്തോടെ.
കഴിഞ്ഞ വീക്കെന്‍ഡില്‍ അവിനാഷുമൊത്തു ഹില്ടോപ്പിലെക്കുള്ള ആ യാത്ര, ആദ്യമാ ഓഫര്‍ കിട്ടിയപ്പോള്‍ വേണ്ടെന്നു വെച്ചതായിരുന്നു. ഹൃദയത്തിന്റെ കോണിലെവിടെയോ അവനോടൊരിഷ്ടം ഉണ്ടായിരുന്നു എന്നത് നേര് . പിന്നെ ഉയരങ്ങളിലേക്ക് പറക്കാനുള്ള ഒരാഗ്രഹവും. നീണ്ടു പതിഞ്ഞ അവന്റെ മൂക്കിന്‍ തുമ്പില്‍ പൊടിയുന്ന വിയര്‍പ്പിന്‍ കണികകള്‍ എന്നും കൌതുകത്തോടെയാണവള്‍ നോക്കിയിരുന്നത്.

മുട്ടറ്റം വരെ നീണ്ടു നില്‍ക്കുന്ന നീല ജീന്‍സും ചുവന്ന ടീഷര്‍ട്ടും അതായിരുന്നു അവളുടെ വേഷം .ചെങ്കുത്തായ കുന്നുകള്‍ കയറുമ്പോള്‍ ശിവാനി കിതയ്ക്കുന്നുണ്ടായിരുന്നു . കാട്ടിടവഴികളിലുടെയുള്ള ആ കയറ്റം അവളെ വല്ലാതെ ക്ഷീണിപ്പിച്ചു. അവന്റെ കൈകള്‍ ഒരു താങ്ങായി.. പിന്നെ അവന്‍ തന്നെ ഒരു താങ്ങായി, അവസാനം കുന്നിന്റെ നെറുകെയില്‍ ...കോട മൂടിയിരിക്കുന്ന അന്തരീക്ഷം, ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പ്. അതവളെ അവനിലേക്ക്‌ കുടുതല്‍ കുടുതല്‍ അടുപ്പിച്ചു..
വിയര്‍പ്പു പൊടിഞ്ഞ ദേഹത്ത് ഇളംകാറ്റുപോലെ അവന്റെ വിരലുകള്‍ തന്റെ ചുണ്ടില്‍, മൂക്കില്‍, കവിളില്‍ പരതി നടന്നപ്പോള്‍... താനുമത് ആസ്വദിക്കുകയായിരുന്നു.അവന്‍ പകര്‍ന്ന ചൂടില്‍, ഒരു തിരയിളക്കം മനസ്സില്‍ രൂപപ്പെട്ടു.ചുണ്ടുകള്‍ ചുണ്ടോടു അടക്കുകയും, അവന്റെ നെഞ്ചിലമരുകയും ചെയ്തപ്പോള്‍ .. സ്ത്രൈണതയുടെ അഗാതമായ ആഴത്തിലേക്ക്, അവന്‍ ഊര്ന്നിറങ്ങിയപ്പോള്‍.. കടലിന്റെ വിശാലമായ പരപ്പിലേക്ക്, നീലാകാശത്തെ മുത്തമിടുന്ന ആ കോണിലേക്ക്.. അവള്‍ ഒഴുകുകയാണ്.തിരകളെ ആകാശത്തോളമുയര്‍ത്തുന്ന കടലിന്റെ മനസ്സും ആവേശവുമായിരുന്നു അവള്‍ക്കും.

ആളൊഴിഞ്ഞ ഒഫീസുമുറിയില്‍ തന്റെ കമ്പ്യുട്ടറിന്റെ മുന്നില്‍ തലചായ്ച് ഉറങ്ങുന്ന ശിവാനിയെ പ്യൂണ്‍ വന്നു വിളിച്ചു. മാഡം, നേരമേറെയായി..ഓഫിസ് അടക്കാനുള്ള സമയമായി. ഒരു ചെറു ചമ്മലോടെ ,അവള്‍ ഞെട്ടിയുണര്‍ന്നു. മുഖത്തിത്തിരി വെള്ളം പോര്‍ന്ന് തന്റെ കര്‍ചീഫുകൊണ്ടവള്‍ മുഖം തുടച്ചു. ഉറക്കച്ചടവില്‍ രക്ഷപെടാനുള്ള ഒരു ശ്രമം.

പുറത്ത് അലങ്കാര വിളക്കുകളുടെ പ്രഭയാല്‍ പ്രൊവ്ടമായ നഗരം . ആകാശത്തു തെളിയുന്ന നക്ഷത്രങ്ങള്‍ തന്നെ മാടി വിളിക്കുന്നതുപോലെ അവള്‍ക്കു തോന്നി. സ്വപ്നങ്ങള്‍ക്കും യാഥാര്ത്യങ്ങള്‍ക്കുമിടയില്‍ ഒരു നൂല്‍പ്പാലമുണ്ടാക്കി അവള്‍ നിരത്തിലേക്കിറങ്ങി . കാതങ്ങളകലെയുള്ള തന്റെ കൂട്ടിലേക്കുള്ള ദൂരം താണ്ടി... ഒരു പകല്‍ക്കിനാവിന്റെ പൊരുള്‍ തേടി.

പ്രണയവും രതിയും

പടര്‍ന്നു പന്തലിച്ച കാട്ടുവള്ളികള്‍ക്ക്‌ ഇടയില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ . പകല്‍കാഴ്ച്ചകള്‍ അന്യം നിന്ന കണ്ണുകളാല്‍ , സുഖനിദ്രയില്‍ തലകീഴായി പറ്റികിടക്കുന്ന വവ്വാലുകള്‍. ഞാവലിന്റെയോ മറ്റു കാട്ടുചെടികളുടെയോ പഴങ്ങള്‍ തിന്നനെത്തുന്ന അണ്ണാന്മാരും ചെറു പക്ഷികളും. നിലത്ത് അവയുടെ കാഷ്ടങ്ങളും കരിയിലകളും ഉണ്ടാക്കുന്ന ദുര്‍ഗന്ധം . ഇരുട്ട് മൂടിയിരിക്കുന്നതിനാല്‍ അകകാഴ്ചകളൊന്നും വ്യക്തമായി കാണാനാകുന്നില്ല. തന്റെ തോള്‍സഞ്ചിയില്‍ നിന്നും അവന്‍ ചെറിയ ടോര്‍ച്ചെടുത്ത് തെളിച്ചു. ശബ്ദമുണ്ടാക്കാതെ അവള്‍ വള്ളികള്‍ ഓരോന്നായി വകഞ്ഞുമാറ്റി . നൂണുപോകാനുള്ള ഒരു ചെറിയ വഴിയുണ്ടാക്കി ,അവന്‍ തെളിച്ച ടോര്‍ച്ചിന്റെ നേരിയ വെളിച്ചത്തില്‍ ഒന്നുമുരിയാടാതെ മെല്ലെ കാടിനകത്തേക്ക് കടന്നു. ദുര്‍ഘടമായ വഴികളിലുടെ കുടുതല്‍ ആവേശത്തോടെ ഉള്വനങ്ങള്‍ തേടി അവന്‍ നടന്നു. അവനോടു ചേര്‍ന്ന് നിന്ന് ശ്വാസമടക്കിപിടിച്ച് അവളും. കയ്യില്‍ തടഞ്ഞ വള്ളിയുടെ ഇലയെടുത്തു വെറുതെ ഞരടി ഒന്ന് മണത്ത് നോക്കി. രൂക്ഷമായ ഏതോ ഗന്ധം മൂക്കില്‍ തുളഞ്ഞു കയറി. പുതിയ അറിവിലേക്ക് അതവളെ നയിച്ചു.

അല്പം സൂര്യവെളിച്ചത്തെ അകത്തേക്ക് കയറ്റി വിടുന്ന വന്മരങ്ങള്‍ . വള്ളിപ്പടര്‍പ്പുകളില്ലാതെ പുല്ലിന്‍പൊന്തകളും വലിയമരങ്ങളും മാത്രം. വെള്ളം ആഴത്തിലേക്ക് പതിയുമ്പോള്‍ ഉണ്ടാകുന്ന സംഗീതം. വെള്ളാരങ്കല്ലുകള്‍ക്ക് ഇടയിലൂടെ ചെറുപാറകളില്‍ തട്ടിവീഴുന്ന നീരൊഴുക്ക് ബിഥോവാന്റെ സിംഫണിയെ ഓര്‍മ്മപ്പെടുത്തുന്നു . അവള്‍ അവനോടു പറഞ്ഞു, നമുക്കിത്തിരി നേരമിരിക്കാം . കാട്ടരുവിയുടെ നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയില്‍ അവര്‍ ഇരുപ്പുറപ്പിച്ചു. അവള്‍ ഒഴുകുന്ന വെള്ളത്തില്‍ നിന്നല്പമെടുത്തു മുഖത്തു തെളിച്ചു. തന്റെ കാലുകള്‍ വെള്ളത്തിലേക്ക് താഴ്‌ത്തി നീരോഴുക്കിനെ തടസ്സപ്പെടുത്താന്‍ വിഫല ശ്രമം നടത്തി. അവളുടെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം. അവന്‍ തന്റെ തുണി സഞ്ചിയില്‍നിന്നും അവിലും തെങ്ങാപ്പൂളുകളും എടുത്തു അവളുടെ നേര്‍ക്ക്‌ നീട്ടി. നല്ല വിശപ്പ്‌. അവനും അല്പമെടുത്തു.

അങ്ങ് ദൂരെ വെള്ളം കുടിക്കാനായി ചാലിലെക്കിറങ്ങി ഇറങ്ങി നില്‍ക്കുന്ന ചെറിയ മാന്കൂട്ടം . അവയുടെ പുള്ളികളില്‍ ഇളം വെയില്‍ തട്ടിയുള്ള നേരിയ തിളക്കം. പ്രണയിച്ചും കലഹിച്ചും മരത്തിന്റെ ചില്ലകളില്‍ നിന്നും മറുചില്ലകളിലേക്ക്‌ മലക്കം മറിയുന്ന കുരങ്ങന്മാര്‍. അവളെ നോക്കി അവര്‍ കൊഞ്ഞനം കുത്തി,അവനെയും... അവള്‍ തന്റെ ചെരിപ്പുകള്‍ ഊരി ദൂരേക്കെറിഞ്ഞു. പിന്നെ അവന്റെ ഷൂസുകള്‍ ഓരോന്നായി അഴിച്ചെടുത്തു. കുരങ്ങന്മാര്‍ കാണിക്കുന്ന ഗോഷ്ടികളില്‍ നിന്നും അവനെന്തോ ഊഹിച്ചെടുത്തത് പോലെ .. അവളുടെ കണ്ണുകളിലേക്കു നോക്കി.പിന്നെ അവളുടെ മാറിടത്തിലേക്കും ... വളര്‍ന്നു നില്‍ക്കുന്ന ആ കുന്നുകള്‍ക്കു മീതെ അവന്‍ മുഖമമര്‍ത്തി. അവയില്‍നിന്നും ഉയരുന്ന ഉഷ്ണപ്രവാഹം അവന്റെ ഉള്ളിലൊളിഞ്ഞു നിന്ന കാമത്തെ ഉണര്‍ത്തി വിട്ടു. രതിയുടെ വിഹായസ്സിലേക്ക് രണ്ടു കിളികളെപോലെ അവര്‍ പറന്നകന്നു. നേരമൊരുപാട് കഴിഞ്ഞുകാണണം , തിരകളൊഴിഞ്ഞു ശാന്തമായ കടല്‍പോലെ ... അനന്തരം തളര്‍ന്നുറക്കത്തില്‍ നിന്നും പതിയെ അവരെഴുന്നേറ്റു. ഒരു ചെറു ചുംബനത്തോടെ..

അടയാളങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കണം , അവന്റെ തുണിസഞ്ചി കാട്ടുചോലയിലെക്കെറിഞ്ഞു കൊണ്ടവള്‍ പറഞ്ഞു. അപ്പോള്‍ ഭക്ഷണം..? അതായിരുന്നു അവന്റെ ആകാംക്ഷ. നോക്കൂ .. വള്ളികളില്‍ തൂങ്ങിക്കിടക്കുന്ന കാട്ടുപഴങ്ങളെ ചൂണ്ടി അവള്‍ പറഞ്ഞു , ഇവിടെയാരും ഭക്ഷണം മുന്‍കൂറായി കരുതിവെയ്ക്കാറില്ല, വിശക്കുമ്പോള്‍ നമുക്ക് ഇവരെപോലെ ഈ പഴങ്ങള്‍ തിന്നാം. ദാഹമകറ്റാന്‍ പിന്നെയീ കാട്ടുചോലയും. പ്രജകളും രാജാവുമില്ലാതെ നമുക്കിവിടെ കഴിയാം...എന്തേയ്? അവന്‍ തലകുലുക്കി, അതെ.., ചിഹ്നങ്ങളൊന്നും ബാക്കി വെച്ചുകൂട.
കിളികള്‍ അവരുടെ സ്വരങ്ങളില്‍ സ്വാഗതമോതി. കുരങ്ങുകള്‍ കയ്യും കാലും കാണിച്ചു പ്രോത്സാഹിപ്പിച്ചു. അവന്‍ അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞെടുത്തു, അവളവന്റെയും . മാന്കിടാങ്ങള്‍ അവളുടെ കാലുകളിലെ നനുത്ത രോമങ്ങള്‍ നാക്ക് കൊണ്ട് തുടച്ചു .ഇണചേരുന്ന പാമ്പുകളെ നോക്കി അവള്‍ പറഞ്ഞു. ഊന്നുവടികളില്ലാത്ത , ആകുലതകളും , ആശങ്കകളുമില്ലാത്ത ഒരു ജീവിതത്തിലേക്ക്. രതിയുടെ ആഴവും പരപ്പും തേടിയുള്ള യാത്ര.. പ്രണയത്തിന്റെയും .

നിരോഷ കയ്യിലുള്ള പുസ്തകം അടച്ചുവെച്ചു. മേശമേല്‍ കയ്യൂന്നി അവള്‍ ആലോചനയിലേക്ക് നീങ്ങി. കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണല്ലോ , എന്തായിരുന്നു തന്റെ ഗവേഷണ വിഷയം. വിഷയത്തില്‍ നിന്നും താന്‍ അകന്നു പോകുന്നുണ്ടോ..? ഇത് തിരഞ്ഞെടുത്തപ്പോള്‍ തന്നെ ഗൈഡ് മുഖം ചുളിച്ചതാ.. താനിത് പൂര്‍ത്തിയാക്കുമോ..? എപ്പോഴെങ്കിലും ഇതിന്റെ പേപ്പര്‍ സബ്മിറ്റ് ചെയ്യാന്‍ തനിക്കാവുമോ..? ഒരു വാശിയോടെയാണെങ്കിലും അന്ന് സാറിനോട് പറഞ്ഞത് ഓര്‍മ്മ വരുന്നു. ചെറിയ ഒരു കാലമേ തനിക്കതിനു വേണ്ടിവരൂ എന്ന് . "പ്രണയവും കാമവും .. അതിലെ സ്വാര്‍ഥതയുടെ അംശം ." അതായിരുന്നു വിഷയം. എളുപ്പത്തില്‍ ചെയ്തു തീര്‍ത്ത്‌ ചുളുവിലൊരു പി.എച്ച് . ഡി. അതായിരുന്നു ഉദ്ദേശം. താന്‍ വായിച്ചെടുത്ത റഫറല്‍ ഗ്രന്ഥങ്ങളില്‍ നിന്നോ, നിരീക്ഷിച്ചെടുത്ത ചുറ്റുപ്പാടുകളില്‍ നിന്നോ ഒരു കണ്ക്ലൂഷനിലെത്താന്‍ തനിക്കാവുന്നില്ലല്ലോ .. മനശാസ്ത്രപരവും അല്ലാത്തതുമായ പുസ്തകങ്ങള്‍ , ഒരുപാട് യാത്രകള്‍ എല്ലാം വിഫലമാകുകയാണോ ? എപ്പോഴാണ് പ്രണയത്തിനുമേല്‍ രതി ആധിപത്യം ചെലുത്താന്‍ തുടങ്ങുന്നത്. ജൈവശാസ്ത്രപരമായ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണോ പ്രണയം തുടങ്ങുന്നത് തന്നെ. അതോ സ്നേഹബന്ധങ്ങള്‍ക്കിടയില്‍ വന്നുപോകുന്ന ഒരു വികാരം മാത്രമാണോ രതി. സ്നേഹത്തെ സ്വാര്‍ഥത എപ്പോഴാണ് കീഴടക്കുന്നത്. ഒരു എത്തുംപിടിയും കിട്ടുന്നില്ല. അത് സഹജമായ മനുഷ്യവാസനയുടെ ബഹിര്‍സ്പുരണം മാത്രമാണോ? ചിന്തകള്‍ മുറിയുന്നു. മനസ്സ് അസ്വസ്ഥമാകുന്നു. അന്ന് വയോധികനായ ഗൈഡ് പറഞ്ഞതാണോ ശെരി , തനിക്കീ പ്രബന്ധം ഒരിക്കലും പൂര്‍ത്തിയാക്കാനാവില്ലേ..? ആകുലമായ മനസ്സുമായി അവള്‍ കിടക്കയിലേക്ക് ചെരിഞ്ഞു.

പച്ചിലകള്‍ ചേര്‍ത്തു വെച്ചുകൊണ്ടവള്‍ നാണം മറച്ചു . കൈ ദൂരേക്ക്‌ ചൂണ്ടി ആ പാറമടയെകാട്ടി നമുക്കൊരു കൂട് എന്നവള്‍ ആര്‍ത്തുവിളിച്ചു.അവളുടെ ചിന്തകളിലെ വൈരുദ്ധ്യങ്ങളെ ഓര്‍ത്ത്‌ അവന്‍ ചിരിച്ചു. കുറച്ചുമുമ്പ് താനല്ലേടോ പറഞ്ഞത് ..അടയാളങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കണമെന്ന് . അല്പമൊരു ജാല്യതയോടെ അവള്‍ മറുപടി കൊടുത്തു..." ഓരോന്നായി ഉപേക്ഷിക്കണമെന്നാണ് താന്‍ പറഞ്ഞത് ." അവളവന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു. വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ ഗോത്രസ്മൃതികള്‍ ഉണര്‍ത്തുന്ന ഒരു ചെറിയ പാറയിടുക്ക്. കരിങ്കല്ലില്‍ കൊത്തിയ അവ്യക്തമായ രേഖാചിത്രങ്ങള്‍ അവള്‍ കൈകൊണ്ടു തുടച്ചു. തന്റെ കണ്ണുകള്‍ക്ക്‌ പരിചിതമല്ലാത്ത അക്ഷരങ്ങള്‍ കണ്ട് അവള്‍ അട്ടഹസിച്ചു. ഗുഹാമുഖത്ത്‌ എത്തിയ സന്തോഷത്തില്‍ അവനവളെ കോരിയെടുത്തു . അവന്റെ പെശിബലത്തില്‍ അവള്‍ ഉന്മാദയായി . അത് കണ്ടുനിന്ന ചെങ്കീരികള്‍ അവര്‍ക്കായി വഴിമാറി കൊടുത്തു.

നിരോഷ ആകെ കുഴപ്പത്തിലാണ്. പ്രണയത്തില്‍ രതിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാവുകയാണ് അവളുടെ ചിന്തകളില്‍ . സ്നേഹവും അതിന്റെ പിന്നിലൊളിഞ്ഞ സ്വാര്‍ഥതയും അവളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തി. മുലപ്പാല്‍ ഊട്ടുന്നതില്‍ ആനന്ദം കൊണ്ട അമ്മമാര്‍ എന്നു മുതല്‍ക്കാണ് മുലക്കണ്ണ്കളില്‍ ചെന്നിനായകം തേച്ചുതുടങ്ങുന്നത്. സ്നേഹത്തിന്റെ ഓരോ ഘട്ടവുമെടുത്തു പരിശോധിക്കുമ്പോഴും സ്വാര്‍ഥതയുടെ ഏതെങ്കിലുമൊരു അംശം അവിടമൊളിഞ്ഞു കിടപ്പില്ലേ എന്നൊരു സംശയം അവളെ അലട്ടി. കിടക്കയില്‍ നിന്നും എഴുന്നേറ്റ് അവള്‍ റാന്തല്‍ വിളക്കിന്റെ തിരിയുയര്‍ത്തി. എന്തെങ്കിലും എഴുതാനാവും എന്ന വിശ്വാസത്തോടെ. മുന്നിലെ കടലാസ്സുതുണ്ടില്‍ അവ്യക്തമായ കുറെ വരകള്‍ കൊറിയിട്ടതല്ലാതെ, ഒന്നും എഴുതാന്‍ അവള്‍ക്കായില്ല.

താഴെയിറങ്ങി , കാട്ടുപഴങ്ങള്‍ തിന്ന് അവര്‍ വിശപ്പടക്കി. ചോലയിലിറങ്ങി ദാഹമകറ്റി. ആഴം കുറഞ്ഞ വെള്ളത്തില്‍ പാകിയ കല്ലുകള്‍ക്ക് മീതെ അവര്‍ മലര്‍ന്നു കിടന്നു. ഒഴുകിവന്ന നീര്‍ക്കണങ്ങളില്‍ അവളുടെ അരയില്‍ ചുറ്റിയ ഇലകള്‍ ഒലിച്ചുപോയി. ചെറുമീനുകള്‍ അവളുടെ ഉയര്‍ന്ന സ്തനങ്ങളില്‍ മുത്തമിട്ടു. ശരീരത്തെ ഇക്കിളിപ്പെടുത്തി . അവാച്യമായ അനുഭൂതികളാല്‍ അവളുടെ കണ്ണുകള്‍ താനേ അടഞ്ഞു... അവന്റെയും.

നിരോഷ കടലാസ്സുകള്‍ മടക്കിവെച്ചു . വയ്യ , രതിയില്ലാത്ത പ്രണയവും , സ്വാര്‍ത്ഥതയില്ലത്ത സ്നേഹവും വേര്‍തിരിച്ചു കാണാന്‍ തനിക്കാവുന്നില്ല. താനിതുവരെ എഴുതിയ പ്രബന്ധങ്ങള്‍ ചുരുട്ടി പഴയ പത്രക്കെട്ടുകള്‍ക്കൊപ്പം വെച്ചു. കാലത്ത് വരുന്ന ആക്രിക്കച്ചവടക്കാരന് അത് തൂക്കി നല്‍കണം. സ്വസ്ഥമായ ഒരു ഉറക്കത്തിന്നായി അവള്‍ കണ്ണുകള്‍ പതിയെ അടച്ചു.

എന്‍ഡോ സള്‍ഫാന്‍ ..

മുളകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഇടുക്ക് .. വെളുപ്പില്‍ കറുത്ത പുള്ളികളുള്ള പശുവിനെ അയാള്‍ അതിനകത്തേക്ക് തള്ളി വിട്ടു. മുഖം മുളം കമ്പില്‍ വരിഞ്ഞു കെട്ടി. കോഴിമുട്ടയും എള്ളെണ്ണയും പരുത്തിപ്പിണ്ണാക്കും കൊടുത്ത് ഉശിരനാക്കിയ കാളകൊമ്പനെ അഴിച്ചുവിട്ടു. ഇടുക്ക് ലക്ഷ്യമാക്കി അവന്‍ നെട്ടോട്ടമോടി. ഉള്ളിലെ കാമം ഉറഞ്ഞുതുള്ളി . അയാള്‍ പശുവിന്റെ വാല്‍ പൊക്കി പിടിച്ചു പ്രോത്സാഹിപ്പിച്ചു. ഒരു ചാനല്‍ മോഡറെറ്ററെന്ന പോലെ അയാള്‍ ആജ്ഞാപിച്ചു, ശെരിയായില്ല . ഒന്നുകൂടി... വാവുകാലമല്ലേ ,ഏറ്റിട്ടുണ്ടെന്നാണ് തോന്നുന്നത്. പശുവിന്റെ ഉടമ കൊടുത്ത കാശ് മടിയില്‍ തിരുകികൊണ്ടയാള്‍ പറഞ്ഞു.
കാലമൊരുപാട് മാറി .. വിത്തുകാളകള്‍ക്ക് പകരം ബീജം കരുതി സൂക്ഷിക്കാന്‍ പ്രത്യേക വകുപ്പ് തന്നെ വന്നു. വലിയ സിറിഞ്ചുകളില്‍ തങ്ങിയ കൊഴുത്ത ദ്രാവകം പശുക്കളുടെ കാമത്തെ തീര്‍ത്തു . പ്രജനനം ആഘോഷങ്ങളോടെ നടന്നു. സങ്കരയിനം വിത്തുകളില്‍ നിന്ന് സങ്കടയിനം പശുക്കിടാങ്ങളുണ്ടായി. അകിടുകളില്‍ കൊഴുപ്പേറിയ പാലിനുപകരം ഒരുപാടധികം നേര്‍ത്തു വെളുത്ത ദ്രാവകം ഉരുണ്ടുകൂടി. അകിടില്‍ നീരുവെച്ച പശുക്കളുടെ രോദനം കേട്ട് നമ്മള്‍ ധവള വിപ്ലവത്തിന്റെ പെരുമ്പറ മുഴക്കി. നാടെങ്ങും പാല് ...നാടാകെ പാല് . പലുകുടിച്ചു വെളുത്തു കൊഴുത്ത കുട്ടികളുടെ ചിത്രങ്ങള്‍ കൊണ്ട് കവലകള്‍ നിറച്ചു. അടുക്കളയില്‍ അരപ്പട്ടിണിക്കാരന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നത് മാംസം കുറക്കാന്‍ വ്യായാമങ്ങളുമായി മല്ലിടുന്ന തന്റെ കുഞ്ഞുങ്ങള്‍.
നാട് പുരോഗമിക്കുകയാണല്ലേ ....? ഒരുപാട് ... ഒരുപാട്.

മേടം ഒന്ന്. ഐശ്വര്യങ്ങളുടെ വിഷുപ്പുലരി. ഒരു വള്ളിക്കൂട്ടയില്‍ അല്പം വിത്തും തന്റെ കൈക്കോട്ടുമായി അയാള്‍ പാടത്തേക്കു നടന്നു. മുന്നില്‍ കൊടിയിലയില്‍ അവിലും മലരും തെങ്ങാമുറിയുമായി അവളും. അവളുടെ കയ്യില്‍ കത്തുന്ന നിലവിളക്കുണ്ടായിരുന്നു . നീണ്ടു കിടക്കുന്ന വയല്‍പ്പാടങ്ങള്‍.. ഇടയ്ക്ക് പെയ്ത വേനല്‍മഴയില്‍ കുതിര്‍ന്ന മണ്ണ്. പാടത്തിന്റെ, കന്നിമൂലയില്‍ അവള്‍ കൊടിയിലയും നിലവിളക്കും വെച്ചു. വിത്തും കൈക്കോട്ടും നിലത്തു വെച്ചു അറിയാവുന്ന ഇശ്വരന്മാരോട്അയാള്‍ പ്രാര്‍ഥിച്ചു. അവളും. വിഷുപക്ഷികള്‍ അവര്‍ക്കായി പാടി... വിത്തും കൈക്കോട്ടും. അയാള്‍ കിളച്ച മണ്ണില്‍ അവള്‍ വിത്തെറിഞ്ഞു. അവന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളെ പരുക്കന്‍ തോര്‍ത്തുകൊണ്ട് അവള്‍ തുടച്ചു കൊടുത്തു . പൊന്നരിയനും തവളക്കണ്ണനും പച്ചവിരിച്ച നെല്‍വയലുകള്‍. ചെറുമീനുകളും വാല്‍മാക്രികളും സ്വൈര്യവിഹാരം നടത്തി. ഇരുളെത്തുമ്പോള്‍ കിരാംകുരിക്കകള്‍ ഒച്ചവെച്ചു. മിന്നമിന്നികൂട്ടങ്ങള്‍ ചെറുതെങ്കിലും അവരുടെതായ പ്രകാശം കൊണ്ട് പ്രഭാവം കാട്ടി. എല്ലാം വളരെ പെട്ടെന്നായിരുന്നു. പാന്റും ഷര്‍ട്ടുമായി , ആറ് ആറരയടിപോക്കമുള്ള ആ സാറിന്റെ വരവോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. അവര്‍ കൊടുത്ത സംഭാരത്തിന്റെ രുചിയില്‍ അയാള്‍ ജപ്പാന്‍ കൃഷിരീതിയെക്കുറിച്ച്‌ പറഞ്ഞു. കയറുകെട്ടി വരിവെച്ചുള്ള നടീലിനെക്കുറിച്ചു പറഞ്ഞു. കളകളില്ലാതെ നൂറുമേനി വിളവിനെക്കുറിച്ച്‌ , ഐ . ആര്‍. എട്ടിന്റെ മാഹാത്മ്യത്തെ കുറിച്ചു പറഞ്ഞു . ആദ്യമൊന്നും അവര്‍ വഴങ്ങിയില്ല. പിന്നെ പ്രലോഭനങ്ങള്‍. വിത്തും വളവും ഞങ്ങള്‍ തരും . പണിക്കൂലിക്കായുള്ള കാശും. മെല്ലെ അയാള്‍ വഴങ്ങി. നിറയുന്ന പത്തായപ്പുര .. ആകാശത്തോളമുയരുന്ന മുറ്റത്തെ കച്ചിക്കൂനകള്‍.. അയാളുടെ സ്വപ്നങ്ങളില്‍ ആറരയടി പൊക്കമുള്ള സാര്‍ നിറഞ്ഞുനിന്നു. ദാരിദ്രമകറ്റാന്‍ വന്ന മാലാഖയായി. ഹരിത വിപ്ലവം പൊടിപൊടിച്ചു. ഒഴിഞ്ഞ പത്തയങ്ങളെ സാക്ഷി നിര്‍ത്തി തന്റെ ഒട്ടിയ വയറില്‍ അയാള്‍ മുണ്ട് മുറുക്കിയുടുത്തു. ഊര്‍വ്വരയായ് നിന്ന മണ്ണിനെ തരിശാക്കിയ മനോവ്യഥയുമായി.

നാട് പുരോഗമിക്കുകയാണല്ലേ ....? ഒരുപാട് ... ഒരുപാട്.

കീടങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വന്ന വന്കീടങ്ങള്‍ .. പൂത്തുനിറഞ്ഞ മാമ്പൂക്കളെ കുരുതികൊടുത്തു. വഴുതിനയും പാവക്കയും തടിച്ചു വീര്‍ത്തു, അടുക്കളയില്‍ വന്കീടങ്ങളുടെ ദുര്‍ഗന്ധം പരത്തി. കീടങ്ങളുടെ പേരക്കീടങ്ങള്‍ കൊടിവെച്ച കാറുകളില്‍ഉലാത്തി.

ആര്‍ത്തവം നിന്നുപോയ പെണ്ണുങ്ങള്‍, അലസിപ്പോകുന്ന ഗര്ഭങ്ങളെ ഓര്‍ത്ത്‌ കരയാന്‍ കണ്ണുനീരില്ലാതെ വറ്റിപ്പോയ കണ്ണുകളോടെ യുവതികള്‍. വന്ധ്യത നെഞ്ചിലേറ്റി നടക്കുന്ന ചെറുപ്പക്കാര്‍ , അബദ്ധത്തില്‍ പിറന്നുപോയ കുഞ്ഞുങ്ങള്‍. അവരുടെ തല കാലുകളോളം വളരുകയാണ് . ദന്തഗോപുരങ്ങളിലിരുന്നു വന്കീടങ്ങള്‍ ചെറുകീടങ്ങളെ വിളിപ്പിച്ചു.അടച്ചിട്ട മുറിയില്‍ വികസ്വരന്മാര്‍ ഒത്തുകൂടി. കോളകളില്‍ തയോഗാന്‍ ചേര്‍ത്ത് ശീതികരിച്ച പാനീയം അവര്‍ക്ക് കുടിക്കാനായി കൊടുത്തു . തീന്മേശയില്‍ വിഭവങ്ങളായി നവജാത ശിശുക്കളുടെ വലിയ തലകള്‍ , അകാലത്തില്‍ ആര്‍ത്തവം നിന്നുപോയ പെണ്ണുങ്ങളുടെ കരളുകള്‍ , വന്ധ്യതയാല്‍ ഉറങ്ങിപോയ പുരുഷ ലിംഗങ്ങള്‍ ചാപ്സായും ഫ്രൈയായും . അവയില്‍ ചേര്‍ത്ത മസാലകളുടെ എരിവില്‍ സ്റ്റഫ് ചെയ്തുവെച്ച വികസ്വര തലകള്‍ എരിപിരികൊണ്ടു . വികസിതമെന്നോ, വിഷമയമെന്നോ .. വെളിപാടുപോലെ അവര്‍ വിളിച്ചുപറഞ്ഞു . വന്കീടത്തിന്റെ കണ്ണുരുട്ടലില്‍ അവരുടെ വായ താനേ അടഞ്ഞു.

അമിതഭക്ഷണത്തിന്റെ ആലസ്യത്തില്‍ പാതിമയങ്ങിയ കണ്ണുകളോട് സ്വന്തം കണ്ണടകള്‍ ചേര്‍ത്തുവെച്ച് എഴുതി തയ്യാറാക്കിയ പ്രബന്ധങ്ങളില്‍ അവര്‍ ഒപ്പുവെച്ചു. അരുമകളായ ആട്ടിന്പറ്റങ്ങള്‍ക്ക് വിലകൂടിയ തുകല്‍ ബാഗുകളില്‍ രത്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വീര്യം കൂടിയ കീടനാശിനികളും സമ്മാനമായി കൊടുത്തു. പുറമേ എത്യോപ്യയിലും സോമാലിയായിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനുള്ള വിമാനടിക്കറ്റും . വികസ്വരന്മാര്‍ വന്കീടങ്ങള്‍ക്ക് നന്ദി ചൊല്ലി. തങ്ങള്‍ക്കു കിട്ടിയ സമ്മാങ്ങളില്‍ സംപ്രീതരായ ചെറുകീടങ്ങള്‍ ,അവ തോളിലും തലയിലും ചുമന്ന് സ്വന്തം നാടുകളിലേക്ക് പറന്നു. വികസന മുദ്രാവാക്യവുമായി.

നാട് വളരുകയാണ്. ഒരുപാടൊരുപാട് ...