കാലമൊരുപാട് മാറി .. വിത്തുകാളകള്‍ക്ക് പകരം ബീജം കരുതി സൂക്ഷിക്കാന്‍ പ്രത്യേക വകുപ്പ് തന്നെ വന്നു. വലിയ സിറിഞ്ചുകളില്‍ തങ്ങിയ കൊഴുത്ത ദ്രാവകം പശുക്കളുടെ കാമത്തെ തീര്‍ത്തു . പ്രജനനം ആഘോഷങ്ങളോടെ നടന്നു. സങ്കരയിനം വിത്തുകളില്‍ നിന്ന് സങ്കടയിനം പശുക്കിടാങ്ങളുണ്ടായി. അകിടുകളില്‍ കൊഴുപ്പേറിയ പാലിനുപകരം ഒരുപാടധികം നേര്‍ത്തു വെളുത്ത ദ്രാവകം ഉരുണ്ടുകൂടി. അകിടില്‍ നീരുവെച്ച പശുക്കളുടെ രോദനം കേട്ട് നമ്മള്‍ ധവള വിപ്ലവത്തിന്റെ പെരുമ്പറ മുഴക്കി. നാടെങ്ങും പാല് ...നാടാകെ പാല് . പലുകുടിച്ചു വെളുത്തു കൊഴുത്ത കുട്ടികളുടെ ചിത്രങ്ങള്‍ കൊണ്ട് കവലകള്‍ നിറച്ചു. അടുക്കളയില്‍ അരപ്പട്ടിണിക്കാരന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നത് മാംസം കുറക്കാന്‍ വ്യായാമങ്ങളുമായി മല്ലിടുന്ന തന്റെ കുഞ്ഞുങ്ങള്‍.
നാട് പുരോഗമിക്കുകയാണല്ലേ ....? ഒരുപാട് ... ഒരുപാട്.
മേടം ഒന്ന്. ഐശ്വര്യങ്ങളുടെ വിഷുപ്പുലരി. ഒരു വള്ളിക്കൂട്ടയില്‍ അല്പം വിത്തും തന്റെ കൈക്കോട്ടുമായി അയാള്‍ പാടത്തേക്കു നടന്നു. മുന്നില്‍ കൊടിയിലയില്‍ അവിലും മലരും തെങ്ങാമുറിയുമായി അവളും. അവളുടെ കയ്യില്‍ കത്തുന്ന നിലവിളക്കുണ്ടായിരുന്നു . നീണ്ടു കിടക്കുന്ന വയല്‍പ്പാടങ്ങള്‍.. ഇടയ്ക്ക് പെയ്ത വേനല്‍മഴയില്‍ കുതിര്‍ന്ന മണ്ണ്. പാടത്തിന്റെ, കന്നിമൂലയില്‍ അവള്‍ കൊടിയിലയും നിലവിളക്കും വെച്ചു. വിത്തും കൈക്കോട്ടും നിലത്തു വെച്ചു അറിയാവുന്ന ഇശ്വരന്മാരോട്അയാള്‍ പ്രാര്‍ഥിച്ചു. അവളും. വിഷുപക്ഷികള്‍ അവര്‍ക്കായി പാടി... വിത്തും കൈക്കോട്ടും. അയാള്‍ കിളച്ച മണ്ണില്‍ അവള്‍ വിത്തെറിഞ്ഞു. അവന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളെ പരുക്കന്‍ തോര്‍ത്തുകൊണ്ട് അവള്‍ തുടച്ചു കൊടുത്തു . പൊന്നരിയനും തവളക്കണ്ണനും പച്ചവിരിച്ച നെല്‍വയലുകള്‍. ചെറുമീനുകളും വാല്‍മാക്രികളും സ്വൈര്യവിഹാരം നടത്തി. ഇരുളെത്തുമ്പോള്‍ കിരാംകുരിക്കകള്‍ ഒച്ചവെച്ചു. മിന്നമിന്നികൂട്ടങ്ങള്‍ ചെറുതെങ്കിലും അവരുടെതായ പ്രകാശം കൊണ്ട് പ്രഭാവം കാട്ടി. എല്ലാം വളരെ പെട്ടെന്നായിരുന്നു. പാന്റും ഷര്‍ട്ടുമായി , ആറ് ആറരയടിപോക്കമുള്ള ആ സാറിന്റെ വരവോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. അവര്‍ കൊടുത്ത സംഭാരത്തിന്റെ രുചിയില്‍ അയാള്‍ ജപ്പാന്‍ കൃഷിരീതിയെക്കുറിച്ച് പറഞ്ഞു. കയറുകെട്ടി വരിവെച്ചുള്ള നടീലിനെക്കുറിച്ചു പറഞ്ഞു. കളകളില്ലാതെ നൂറുമേനി വിളവിനെക്കുറിച്ച് , ഐ . ആര്‍. എട്ടിന്റെ മാഹാത്മ്യത്തെ കുറിച്ചു പറഞ്ഞു . ആദ്യമൊന്നും അവര്‍ വഴങ്ങിയില്ല. പിന്നെ പ്രലോഭനങ്ങള്‍. വിത്തും വളവും ഞങ്ങള്‍ തരും . പണിക്കൂലിക്കായുള്ള കാശും. മെല്ലെ അയാള്‍ വഴങ്ങി. നിറയുന്ന പത്തായപ്പുര .. ആകാശത്തോളമുയരുന്ന മുറ്റത്തെ കച്ചിക്കൂനകള്‍.. അയാളുടെ സ്വപ്നങ്ങളില്‍ ആറരയടി പൊക്കമുള്ള സാര്‍ നിറഞ്ഞുനിന്നു. ദാരിദ്രമകറ്റാന്‍ വന്ന മാലാഖയായി. ഹരിത വിപ്ലവം പൊടിപൊടിച്ചു. ഒഴിഞ്ഞ പത്തയങ്ങളെ സാക്ഷി നിര്‍ത്തി തന്റെ ഒട്ടിയ വയറില്‍ അയാള്‍ മുണ്ട് മുറുക്കിയുടുത്തു. ഊര്‍വ്വരയായ് നിന്ന മണ്ണിനെ തരിശാക്കിയ മനോവ്യഥയുമായി.
നാട് പുരോഗമിക്കുകയാണല്ലേ ....? ഒരുപാട് ... ഒരുപാട്.
കീടങ്ങളെ ഇല്ലായ്മ ചെയ്യാന്‍ വന്ന വന്കീടങ്ങള്‍ .. പൂത്തുനിറഞ്ഞ മാമ്പൂക്കളെ കുരുതികൊടുത്തു. വഴുതിനയും പാവക്കയും തടിച്ചു വീര്‍ത്തു, അടുക്കളയില്‍ വന്കീടങ്ങളുടെ ദുര്‍ഗന്ധം പരത്തി. കീടങ്ങളുടെ പേരക്കീടങ്ങള്‍ കൊടിവെച്ച കാറുകളില്‍ഉലാത്തി.
ആര്‍ത്തവം നിന്നുപോയ പെണ്ണുങ്ങള്‍, അലസിപ്പോകുന്ന ഗര്ഭങ്ങളെ ഓര്‍ത്ത് കരയാന്‍ കണ്ണുനീരില്ലാതെ വറ്റിപ്പോയ കണ്ണുകളോടെ യുവതികള്‍. വന്ധ്യത നെഞ്ചിലേറ്റി നടക്കുന്ന ചെറുപ്പക്കാര്‍ , അബദ്ധത്തില്‍ പിറന്നുപോയ കുഞ്ഞുങ്ങള്‍. അവരുടെ തല കാലുകളോളം വളരുകയാണ് . ദന്തഗോപുരങ്ങളിലിരുന്നു വന്കീടങ്ങള്‍ ചെറുകീടങ്ങളെ വിളിപ്പിച്ചു.അടച്ചിട്ട മുറിയില്‍ വികസ്വരന്മാര്‍ ഒത്തുകൂടി. കോളകളില്‍ തയോഗാന്‍ ചേര്‍ത്ത് ശീതികരിച്ച പാനീയം അവര്‍ക്ക് കുടിക്കാനായി കൊടുത്തു . തീന്മേശയില്‍ വിഭവങ്ങളായി നവജാത ശിശുക്കളുടെ വലിയ തലകള്‍ , അകാലത്തില്‍ ആര്‍ത്തവം നിന്നുപോയ പെണ്ണുങ്ങളുടെ കരളുകള്‍ , വന്ധ്യതയാല്‍ ഉറങ്ങിപോയ പുരുഷ ലിംഗങ്ങള്‍ ചാപ്സായും ഫ്രൈയായും . അവയില്‍ ചേര്‍ത്ത മസാലകളുടെ എരിവില്‍ സ്റ്റഫ് ചെയ്തുവെച്ച വികസ്വര തലകള്‍ എരിപിരികൊണ്ടു . വികസിതമെന്നോ, വിഷമയമെന്നോ .. വെളിപാടുപോലെ അവര്‍ വിളിച്ചുപറഞ്ഞു . വന്കീടത്തിന്റെ കണ്ണുരുട്ടലില്‍ അവരുടെ വായ താനേ അടഞ്ഞു.
അമിതഭക്ഷണത്തിന്റെ ആലസ്യത്തില്‍ പാതിമയങ്ങിയ കണ്ണുകളോട് സ്വന്തം കണ്ണടകള്‍ ചേര്‍ത്തുവെച്ച് എഴുതി തയ്യാറാക്കിയ പ്രബന്ധങ്ങളില്‍ അവര്‍ ഒപ്പുവെച്ചു. അരുമകളായ ആട്ടിന്പറ്റങ്ങള്‍ക്ക് വിലകൂടിയ തുകല്‍ ബാഗുകളില്‍ രത്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വീര്യം കൂടിയ കീടനാശിനികളും സമ്മാനമായി കൊടുത്തു. പുറമേ എത്യോപ്യയിലും സോമാലിയായിലും കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനുള്ള വിമാനടിക്കറ്റും . വികസ്വരന്മാര്‍ വന്കീടങ്ങള്‍ക്ക് നന്ദി ചൊല്ലി. തങ്ങള്‍ക്കു കിട്ടിയ സമ്മാങ്ങളില്‍ സംപ്രീതരായ ചെറുകീടങ്ങള്‍ ,അവ തോളിലും തലയിലും ചുമന്ന് സ്വന്തം നാടുകളിലേക്ക് പറന്നു. വികസന മുദ്രാവാക്യവുമായി.
നാട് വളരുകയാണ്. ഒരുപാടൊരുപാട് ...
No comments:
Post a Comment