Friday, July 8, 2011

മൈഥിലിയുടെ കനവുകള്‍ ..

മൈഥിലിയുടെ കനവുകള്‍ ..

പകലുറക്കത്തിന്റെ കനവില്‍ നിന്നും മൈഥിലി ഞെട്ടിയുണര്‍ന്നു.

ഉച്ചത്തിലുള്ള ആ നിലവിളി കേട്ടായിരിക്കണം മക്കളും മറ്റുള്ളവരും ചുറ്റും കൂടി നില്‍ക്കുന്നു.

അവരുടെ മുഖം കണ്ടാലറിയാം.. കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

ആ മുഖങ്ങളില്‍ ഭീതിയുടെയും ആകാംക്ഷയുടെയും നിഴലാട്ടങ്ങള്‍.

എന്താണ്,

എന്താണു പറ്റിയതെനിക്ക്..

ഓര്‍മ്മകളുടെ ചില്ലക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഒരു ശ്രമം. മൈഥിലി ഓരോന്നായി ഓര്‍ത്തു നോക്കി.

കണ്ണുകളെ ഭയം കീഴടക്കിയിരിക്കുന്നു. പൂര്‍ണ്ണമായില്ലെങ്കിലും ഓര്‍മ്മകളുടെ ഒരു ശ്ലഥചിത്രം മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ട്.

പകലായാലും രാത്രിയായാലും വേണ്ടില്ല , ഒന്ന് മയങ്ങിയാല്‍ മതി സ്വപ്നങ്ങളുടെ പെരുമഴ തന്നെയാണവള്‍ക്കെന്നും ..നല്ലതും ചീത്തയുമായ ഒരു പാട് സ്വപ്നങ്ങളുണ്ട് അവള്‍ക്കു പറയാന്‍ .പലപ്പോഴും തന്റെ കിനാക്കളിലെ ഭ്രമാത്മകത കൊണ്ടായിരിക്കാം അധികമാരും അവള്‍ക്കു ചെവി കൊടുക്കാറില്ല എന്നത് നേര് .

പച്ച പട്ടുപാവടയുടുത്ത യൌവനത്തില്‍.., കടുത്ത വര്‍ണ്ണങ്ങളിലുള്ള ഒരുപാട് കാഴ്ചകള്‍ അവളുടെ രാവുകളെ പകലാക്കിയിട്ടുണ്ട്.

നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങി വന്നതും താനുമായി കിന്നരിച്ചതും ,പിന്നെ ചില ഗന്ധര്‍വന്മാര്‍ തനിക്കു മധുരം നല്കിയതും,

അങ്ങിനെ പലതും.

ഭയം മനസ്സിന്റെ സ്വസ്ഥത കെടുത്താറൂണ്ടെങ്കിലും ചില കിനാക്കള്‍ അവളുടെ ജീവിതത്തില്‍ പച്ചപ്പ്‌ നിലനിര്‍ത്താന്‍ സഹായിച്ചുവെന്നതും സത്യമാണ്.

ഇന്ന് ഉച്ചമയക്കത്തില്‍ കണ്ടതെന്തായിരുന്നു.

പാതിയടഞ്ഞ കണ്ണുകളോടെ അവള്‍ തന്റെ സ്വപ്നത്തിന്റെ വേരുകളിലെക്കിറങ്ങി .

ചിന്തകള്‍ മുറിയുന്നു.

പറയു, എന്താണുണ്ടായത്.ഭാസുരചന്ദ്രന്‍ അവളോട്‌ ചോദിച്ചു .

വല്ലപ്പോഴും തന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളുടെ നല്ല ശ്രോതാവ് അയാളായിരുന്നിരിക്കണം... മൈഥിലി ഓര്‍ത്തു.
കണ്ണുകളിറുക്കി തന്റെ തടിച്ച ചുണ്ടുകളില്‍ ഒരുകൊണില്‍ നിന്ന് തുടങ്ങി മറ്റേ കോണുവരെ പടരുന്ന വലിയ ചിരി തുടര്‍ന്നുകൊണ്ടു അവള്‍ പറഞ്ഞു.

പറയാം... അവസാനം വരെ കേള്‍ക്കണമെന്ന് മാത്രം.


സത്യത്തില്‍ ഒരുപാട് അര്‍ഥതലങ്ങളുള്ള ഈ ചിരിയാണ് മൈഥിലിയെ ഇത്രയേറെ സൌന്ദര്യവതിയാക്കുന്നത് .

അയാള്‍ മനസ്സില്‍ പിറുപിറുത്തു..... അല്പം കൂടി മുന്നോട്ടഞ്ഞു അവളെ പ്രോത്സാഹിപ്പിച്ചു.

അതേയ്, കൊഴിഞ്ഞുപോയ പല്ലുകളുടെ ഒരു കൂമ്പാരം ...

നമ്മുടെ കിഴക്കന്‍ മലയെക്കാള്‍ വലുത് ...


എന്നിട്ട്, എന്നിട്ട്..? അയാള്‍ ആകാംക്ഷയോടെ ചോദിച്ചു.

പല്ലുകള്‍ കൊഴിഞ്ഞില്ലാതായവരുടെ ഒരു ഗ്രാമം. അവിടെ എല്ലാവരും മോണ കാട്ടി ചിരിക്കുകയാണ്. കുട്ടികളും മുതിര്ന്നവരുമെല്ലാം .. ഭക്ഷണം ദ്രവരൂപത്തിലാക്കി കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്ക് നല്‍കുന്നു...

അവര്‍ തിരിച്ചും.

അടുക്കളയിലും അകത്തളങ്ങളിലും നടുക്കോലായിലും ഫീഡിംഗ് ബോട്ടിലുകളുടെ കൂമ്പാരം ..

വിശന്ന വലിയ വയറുകള്‍ കൂടുതല്‍ ഭക്ഷണത്തിനായി അലമുറയിടുന്നു..!!

മോണ കാട്ടിയുള്ള അവരുടെ ഈ ചിരി ദൈന്യതയുടെതാണോ എന്നൊരു സംശയം അവളുടെ മനസ്സില്‍ തട്ടിയിട്ടുണ്ട്.

കവിളുകള്‍ തുടുക്കുകയും കണ്ണുകള്‍ കലങ്ങുകയും ചെയ്യുന്നുണ്ടോ, അസ്വസ്തമാകുമ്പോള്‍ അവളങ്ങിനെയാ, ആ മുഖത്തെ നിറവ്യത്യാസം കണ്ടാലറിയാം, ഉള്ളിലെന്തോ പുകയുന്നുണ്ടെന്ന്..

ഭാസുരചന്ദ്രന്‍ കുറച്ചുകൂടി അടുത്തെക്കിരുന്നു,അവളുടെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ടു ചോദിച്ചു..

കുടിക്കാനിത്തിരി വെള്ളം?

മുന്നിലെ മണ്‍കൂജയില്‍ നിന്ന് അല്പം വെള്ളമെടുത്തു അവള്‍ക്കു നേരെ നീട്ടി.

വരണ്ട തൊണ്ടയിലിത്തിരി തെളിനീരിറങ്ങിയപ്പോള്‍ ... മുഖത്തെ പേശികള്‍ക്കല്പം അയവു വന്നു. വശ്യമായ ആ ചിരി വീണ്ടും ചുണ്ടില്‍ വിരിയിയുന്നതുപോലെ ..

ഹാവു.. ആശ്വാസായി


മുഖത്തെക്കുതിര്‍ന്നു വീണ മുടി പിറകിലോട്ടുമാറ്റി., അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഭാസുരചന്ദ്രന്‍ വീണ്ടും ചോദിച്ചു ..

എന്നിട്ട്?

തെല്ലോരാവേശത്തോടെ തന്നെ... അവള്‍ തുടര്ന്നു..


കൊഴിഞ്ഞ പല്ലുകള്‍ ..

കൊഴിഞ്ഞ പല്ലുകള്‍ ..

ആള്‍ക്കാര്‍ പരസ്പരം പഴി പറഞ്ഞു.

ഒന്നും വ്യക്തമല്ല ,

അക്ഷരങ്ങള്‍ ഇല്ലാതാവുന്നു...

വാക്കുകള്‍ മുറിഞ്ഞു വീഴുന്നു....

മനസ്സിലുള്ളത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ആവാത്തതിലുള്ള പ്രയാസം..

കൈകള്‍ നാക്കായി, വിരലുകളെ ഭാഷ കൈമാറുന്നതിനായി ഉപയോഗിച്ചു....!1

എന്നിട്ട്..എന്നിട്ട്..?

പല്ലുകളില്ലാത്തവരുടെ ഗ്രാമം..കാറ്റും കിളികളും വാര്‍ത്ത അയല്‍ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തിച്ചു. അറിഞ്ഞവര്‍ മറ്റുള്ളവരോട് പറഞ്ഞു... വാര്‍ത്ത കേട്ടതും നഗരങ്ങളിലും മറ്റു ഗ്രാമങ്ങളിലുള്ള ആള്‍ക്കാര്‍ കൂട്ടം കൂട്ടമായി അവിടെക്കൊഴുകി.

കൊഴിഞ്ഞുവീണ പല്ലുകളുടെ കൂമ്പാരം നാള്‍ക്കുനാള്‍ വലുതായി.

ഗ്രാമം ആധിപൂണ്ടു ..

മുഖ്യന്‍ ഗ്രാമസഭ വിളിച്ചു.

പ്രതിവിധിയുണ്ടാക്കണം ..

അങ്ങിനെ ഒരു ദിവസം സഭ കൂടി, കൊട്ടാര വിദൂഷകന്മാരും ആസ്ഥാന വൈദ്യനുമാടക്കം ഒരുപാട് പേര്‍..

കുലങ്കുഷമായ ചര്‍ച്ചകള്‍.. രാവുകള്‍ പകലാവുന്നു.

ഉറക്കച്ചടവുകളുള്ള കണ്ണുകളില്‍ ക്ഷീണം ആലസ്യമായി തീരുന്നു.

ഗ്രാമമുഖ്യന്റെ സാനിദ്ധ്യം അതില്ലാതാക്കുന്നുവെങ്കില്‍ പോലും.

ചിന്തകള്‍ മുറിയാതിരിക്കുന്നതിനു... ആലസ്യം കണ്ണുകളെ തളര്ത്താതിരിക്കുന്നതിനു - നഗരത്തില്‍ നിന്നും എത്തിയ സുന്ദരിമാര്‍ തെളിനീരു തുണിയിലാക്കി കണ്പോളകളൊപ്പുകയും ഉമിനീരിറങ്ങിയ വായിലേക്ക് വിലകൂടിയ മദ്യം അല്പാല്പം ഒഴിച്ചും കൊണ്ടേയിരുന്നു.

ചിന്തകള്‍ക്ക് ഭഗ്നം വരരുതല്ലോ...?

പല്ലുകളുടെ വേരുകള്‍ മോണയിലുറക്കുന്നില്ല ... പുസ്തകങ്ങള്‍ നിരത്തി ആസ്ഥാന വൈദ്യന്‍.

തന്റെ ഗവേഷണസിദ്ധിയില്‍ പൂര്‍ണ വിസ്വാസമര്‍പ്പിച്ചു .. ഒരു വലിയ അട്ടഹാസത്തോടെ പിറകിലെ കസേരയിലെക്കയാള്‍ ചാഞ്ഞു.

കഴിക്കുന്ന ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞതാണെന്നൊരാള്‍.....

ആയാതിനാല്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കണം .

കഴിക്കുന്ന ഭക്ഷണം വിഷലിപ്തമായതാണ് കാരണമെന്ന് ...തന്റെ താടി രോമങ്ങളുഴിഞ്ഞുകൊണ്ട് ധനം കൈകാര്യം ചെയ്യുന്ന പ്രധാന വിദൂഷകന്‍ . കൂട്ടത്തില്‍ സ്മരിക്കേണ്ടത് ഇയാളെയാണ്.,എന്തും വെറുതെയങ്ങിനെ വിളിച്ചു പറയുന്ന ഒരാളല്ല, ഏതിനും ചില കണക്കുകള്‍ കാണും നിരത്താന്‍.

ചര്‍ച്ചകളുടെ വിരസത ഗ്രാമമുഖ്യനെ അസ്വസ്ഥനാക്കി... വാദങ്ങളും പ്രതിവാദങ്ങളുമായി, ചര്‍ച്ചകള്‍ വീണ്ടും നീളുകയാണ്.

ഒരു തീരുമാനമാകാതെ..,

നിര്‍ത്തൂ... വാഗ്വാദങ്ങളല്ല.,

" പരിഹാരമാണ് വേണ്ടത് "

പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ പറ്റുന്ന ആരെങ്കിലുമുണ്ടോ ഈ കൂട്ടത്തില്‍...?

പൊടുന്നനെ ഒരു ശബ്ദം.. എല്ലാ കണ്ണുകളും അങ്ങോട്ട്‌ .

എനിക്കു ചിലതു പറയാനുണ്ടേയ്.. അനുവദിക്കുകയാണെങ്കില്‍. സദസ്സ് നീശബ്ധമായി ,

എല്ലാ കണ്ണുകളും അങ്ങോട്ട്‌ തിരിഞ്ഞു.


ഉം .. കേള്‍ക്കട്ടെ, മുഖ്യന്‍ ഉത്തരവായി...മെലിഞ്ഞു നീണ്ട, വായില്‍ നിരനിരയായി വെളുത്ത പല്ലുകളുള്ള ഒരു വയോധികന്‍ ,

ഇത്തിരി ജാല്ല്യത്തോടെ , തന്റെ തോള്‍മുണ്ട് ഒന്നുകുടഞ്ഞു ..തൊണ്ടയനക്കി, പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ഞാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നുമാണ്. അവിടെ എല്ലാവര്ക്കും ബലമുള്ള പല്ലുകളുണ്ട്..

ഇവിടെ അതല്ല സ്ഥിതി. തന്റെ കയ്യിലെ തഴമ്പ് കാണിച്ചു അയാള്‍ തുടര്ന്നു,

നിങ്ങള്‍ നിങ്ങളുടെ സമയത്തിന്റെ കൂടുതല്‍ ഭാഗവും ഉപയോഗിക്കുന്നത് സംസാരിക്കാനാണ്...

മെയ്യനങ്ങാതെ കഠിനമായ വാക്കുകളുപയോഗിച്ചു മറ്റുള്ളവരെ കീഴ്പ്പെടുത്തുകയാണെന്നും പതിവ്...

ചിലപ്പോഴൊക്കെ നിങ്ങള്‍ വിജയിച്ചിട്ടുമുണ്ട് ...

സ്വന്തം അന്നത്തിനുള്ള അരി വകകള്‍ നേടിയെടുക്കുന്നത് പോലും പലപ്പോഴും അങ്ങിനെയാണ്.

സ്വന്തം അടുക്കളയിലെക്കുള്ളതിനു അയല്‍ഗ്രാമത്തിലേക്ക് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവരാണ്.

ആസ്ഥാന വൈദ്യനും വിദൂഷകന്മാരും അസഹിഷ്ണുത കാട്ടി, ഇയാളുടെ ഒരു വിവരണം...


സദസ്സ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.മുഖത്തെ വിയര്‍പ്പുകള്‍ തുടച്ചു കൊണ്ട് അല്പം ആവേശത്തോടെ അയാള്‍ തുടര്ന്നു..

" വാക്കുകളാണ് നിങ്ങളുടെ ആയുധം...ജീവിതം വാക്കു കൊണ്ടു തീര്‍ക്കുകയാണ് നിങ്ങള്‍..."

നിങ്ങളുപയോഗിക്കുന്ന കഠിനപദങ്ങളും അവയിലെ അശ്ലീലവുമായിരിക്കാം

ഒരുപക്ഷെ പല്ലുകളുടെ വേരുകളുറക്കാത്തതിന് കാരണം..

നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ അയാള്‍ പറഞ്ഞവസാനിപ്പിച്ചു ..

സദസ്സ്‌ പിരിയുകായാണ്.. മുഖ്യന്‍ തന്റെ തീരുമാനങ്ങള്‍ വായിച്ചു.


" ഗ്രാമസഭ എല്ലാവര്ക്കും ഓരോ തുമ്പ നല്‍കുന്നതാണ് .. പണമടച്ച് കൈപറ്റുക... ഓരോ സൌജന്യങ്ങളും നമ്മെ കൂടുതല്‍ കൂടുതല്‍ അലസരാക്കുന്നു എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിഞ്ഞിരിക്കുന്നു "


മൈഥിലി ആലസ്യത്തില്‍ നിന്നും പൂര്‍ണമായും ഉണര്‍ന്നു..

ഒരു നിറഞ്ഞ ചിരിയോടെ, പുതിയ ഒരാവേശത്തോടെ...

അവളുടെ ഇരു കൈകളും നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു ഭാസുരചന്ദ്രന്‍ പ്രാര്‍ഥിച്ചു ... അടുത്ത കനവുകള്‍ക്കായി.

No comments:

Post a Comment