മനസ്സ് ഒരുപാട് പിറകൊട്ട് പാഞ്ഞു.പൂക്കളും ചിത്രശലഭങ്ങളും സ്വപ്നം കണ്ടു നടന്ന ഷാഹിദ എന്ന പെണ്‍കുട്ടിയിലേക്ക്, അവളുടെ ബാല്യകാല കുസൃതികളിലേക്ക്...രാക്കിനാക്കളില്‍ നക്ഷത്രങ്ങളെ സ്വപ്നം കണ്ടും ഗസലുകളും വര്‍ണ്ണങ്ങളും നെഞ്ചില്‍ പേറി നടന്ന തന്റെ യവ്വനത്തിലേക്ക്. കണ്ണുനീര്‍ വരണ്ടുപോയ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ ജനല്‍ വാതില്‍ കൊട്ടിയടച്ചു.
ഓര്‍മ്മകള്‍ വേട്ടയാടുകയാണ്...ഗുലാം അലിയുടെയുടെയും പങ്കജ് ഉധാസിന്റെയും ജഗ്ജിത്തിന്റെയും വരികള്‍ , കാറ്റിലുലയുന്ന മുളംകാടുകളില്‍ നിന്നുമുയരുന്ന മര്‍മ്മരം പോലെ അവളുടെ കാതുകളെ സമ്പന്നമാക്കി.ദാവിഞ്ചിയുടെയും സാല്‍വഡോര്‍ ഡാലിയുടെയും പെയിന്റിങ്ങുകള്‍ അവളുടെ കണ്ണുകള്‍ക്ക് ആനന്ദനൃത്തമായി. മാധവിക്കുട്ടിയുടെ പച്ച പട്ടുപാവാടയുടുത്ത പെണ്‍കുട്ടിയെപ്പോലെ ഷാഹിദയും നിറഞ്ഞോഴുകുകയായിരുന്നു. ഒരു പുഴയെ പോലെ..
അവള്‍ പോലുമറിയാതെ അവള്‍ വളരുകയായിരുന്നു.
ഏതൊരു രക്ഷിതാക്കളെയും പോലെ അവളുടെ ബാപ്പയുടെയും ഉമ്മയുടെയും രാത്രികളില്‍ നിന്നും ഉറക്കം വിട്ടു നിന്നു. മോള് വളരുകയല്ലേ.., അവളെ സുരക്ഷിതമായ ഏതെങ്കിലും കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കേണ്ടേ. ബാപ്പ ഉമ്മയോടായി പറഞ്ഞു.
പാറി നടക്കുന്ന പ്രായമല്ലേ അവള്‍,കുറച്ചുകൂടി കഴിഞ്ഞു പോരെ.ഉമ്മ നിലപാട് വ്യക്തമാക്കി. വിവാഹാലോചനകള്‍ പലതും നടന്നു. ആദ്യമൊക്കെ ഷാഹിദയ്ക്കതൊരു താമാശ മാത്രമായാണ് തോന്നിയത്.ഷോകേയ്സിലിരിക്കുന്ന കളിപ്പാവ പോലെ,ഇടയ്ക്കൊന്നു തേച്ചുമിനുക്കി അവളവരുടെ മുന്നിലിരുന്നു കൊടുത്തു.അയാള്‍ പൂശിയ അത്തറിന്റെ മണമാസ്വദിച്ച്,അവന്റെ മനസ്സില്‍ പുകയുന്ന കനലുകളില്‍ നോക്കി അവളാനന്ദം കൊണ്ടു..വെറുതെ, ദാലിയുടെയൊരു പെയിന്റിങ്ങ് പോലെ അവളതാസ്വദിച്ചു.
പിന്നെ പിന്നെ കാര്യങ്ങള്‍ കൈവിട്ടു പോയത് പോലെ... കൂട്ടില്‍ അകപ്പെടുമെന്ന് ഉറപ്പായ ഒരു കിളിയുടെ വേദന, അവളുടെ സന്തോഷങ്ങളെ ഇല്ലാതാക്കി. രാത്രികളില്‍ നക്ഷത്രങ്ങളില്ലാതാവുകയും ഗസലുകള്‍ താരാട്ടായി മാറാതിരിക്കുകയും ചെയ്തു. വൈകി ഉറങ്ങുന്ന രാത്രികള്‍..വൈകി ഉണരുന്ന പ്രഭാതങ്ങള്‍. എന്നും തന്റെ കിടപ്പുമുറിയുടെ ജനലില്‍ തട്ടി തന്നെ ഉറക്കമുണര്‍ത്തുന്ന കിളി എന്തോ പരിഭവിച്ചു പിണങ്ങി പോയി കാണണം.
ഉമ്മയെയും ബാപ്പയെയും ഇനിയും വിഷമിപ്പിച്ചു കൂട. ഗത്യന്തരമില്ലാതെ അവള്‍ വിവാഹത്തിനു സമ്മതിച്ചു. കാണാന്‍ മൊഞ്ചുള്ള,നിറയെ അത്തറ് പൂശിയ ചെറുക്കന്‍.ബോളിവുഡിലെ ഏതോ ഒരു നായക നടനെ ഓര്‍മപ്പെടുത്തുന്ന മുഖം. പരാധീനതകള്‍ക്കിടയില്‍ , പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഒന്നിനും ഒരു കുറവും വരുത്താതെ ബാപ്പ കെട്ട് നടത്തിച്ചു. ഷാഹിദ മെല്ലെ മെല്ലെ സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിന്റെ യഥാര്ത്യങ്ങളിലേക്ക് നടന്നടുക്കുകയാണ്. ഭയപ്പടിന്റെ ആദ്യ നാളുകള്‍ ..അത് വരെ അരുതെന്ന് കരുതിയതും അറിവില്ലാത്തതുമായ ചില സന്തോഷങ്ങള്‍...അത്തറിന്റെ സൌരഭ്യത്തിനായി എന്നും അവളുടെ മൂക്ക് വിടര്‍ന്നു നിന്നു.
ആണ്ടു തികയുന്നതിനു മുന്‍പേ അവളമ്മയായി..അത് പച്ച പട്ടുപാവാടയുടുത്തു മനസ്സില്‍ സ്വപ്‌നങ്ങള്‍ പേറി നടന്നിരുന്ന ഷാഹിദയില്‍ ഒരു പാട് മാറ്റങ്ങളുണ്ടാക്കി.പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയ സൂര്യന്‍ പടര്‍ത്തുന്ന ചുവന്ന രാശികള്‍...തന്റെ പ്രാണേശ്വരനെ തന്നിലേക്ക് ആവാഹിക്കാന്‍ ആവേശത്തിരകള്‍ ഉയര്‍ത്തുന്ന കടല്‍...രു സാമിപ്യത്തിനായി , ഒരു ആലിന്ഗനത്തിനായി അവള്‍ കാത്തിരുന്നു.അത്തറിന്റെ സൌരഭ്യത്തിനായി.
കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയതെപ്പോളാണെന്നറിയില്ല ,ആഡമ്പരങ്ങളിലുള്ള ആവേശം അയാളുടെ പെരുമാറ്റത്തിലും കണ്ടു.വിപണിയിലിറങ്ങുന്ന പുതിയ കാറുകളോടുള്ള ഭ്രമം പരിചയപ്പെടുന്ന പെണ്ണുങ്ങളോടും അയാള്‍ കാണിച്ചു തുടങ്ങി. ചെറുത്തു നില്‍പ്പിന്റെതായ ആദ്യ നാളുകള്‍, താന്‍ നാട്ടു വളര്‍ത്തുന്ന പൂന്തോട്ടത്തില്‍ പൂക്കള്‍ കണ്മുന്നില്‍ വാടി കരിഞ്ഞു പോകുന്നതുപോലെ.അത്തറിന്റെ പരിമണത്തിനുപകരം വിയര്‍പ്പിന്റെ വാടകെട്ടിയ മണം.. നിറം മങ്ങിയ ഒരു പെയിന്റിങ്ങ് പോലെ, വിരസതയുടെ ആഴത്തിലേക്ക് അവള്‍ നടന്നകന്നു.
ജീവിതമൊരു പുഴയാണെന്നും അല്ല പുഴ തന്നെയാണ് ജീവിതമെന്നും പണ്ടെവിടെയോ വായിച്ചതായി അവളോര്‍ത്തു. തടയണകള്‍ ഉണ്ടാകാതെ നോക്കണം... നിറഞ്ഞു കവിഞ്ഞ്, ഇരുകരകളിലുമുള്ള മുളംകൂട്ടങ്ങളില്‍ മര്മ്മരമുണര്ത്തി ഒഴുകുന്ന പുഴ. ഒരശരീരി പോലെ ഏതോ ഒരു നക്ഷത്രമവളുടെ കാതില്‍ മന്ത്രിച്ചു...ഗുലാം അലിയുടെ ഗസലിനായി അവള്‍ റേഡിയോ ഓണ്‍ ചെയ്യുന്നു...
ദില്‍ മേഇന്‍ കിസി കെ രാഹ് കിയ
ജ രഹാ ഹൂണ്‍ ......
No comments:
Post a Comment