Friday, July 8, 2011

ചിത്രഗുപ്തന്‍ - വിചാരണ ചെയ്യപ്പെടുന്നു..

യമപുരിയിലെ ശീതീകരിച്ച മുറിയിലിരുന്നു ചിത്രഗുപ്തന്‍ ആയുസ്സിന്റെ പുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കുകയാണ്. കണക്കുകള്‍ ടാലിയാവുന്നില്ല. നെഞ്ചില്‍ നെരിപ്പോടുയരുകയാണ്. ഇതുവരെ ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല.

ഒഴിഞ്ഞ മൂലയിലുള്ള മധ്യചഷകത്തില്‍ നിന്നും വില കൂടിയ വോഡ്ക അല്പമെടുത്താസ്വദിച്ചു ചിന്തകളുടെ സാഗരത്തിലേക്ക് ചിത്രഗുപ്തന്‍ നീങ്ങുകയാണ്..

തല പൊട്ടിപ്പിളരുന്നതുപോലെ...എഴുത്താണിയുടെ കൂര്മ്പിച്ച അഗ്രം കൊണ്ട് തലചൊറിഞ്ഞു ചിത്രഗുപ്തന്‍ ഒരു നെടുവീര്‍പ്പിട്ടു. നാളിതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വിഭിന്നമായി ഇവിടെ വിധികള്‍ തന്നെ മാറ്റി മറിക്കപ്പെടുന്നുണ്ടോ? ഒരു ചിന്ത മനസ്സിനെ അലട്ടുകയാണ്...

ചിത്രഗുപ്തന്‍ മുന്നിലെ വലിയ കണ്ണാടിയിലേക്ക് മുഖം തിരിച്ചു.തന്റെ കറുത്ത താടിരോമങ്ങള്‍ക്കിടയില്‍ വെള്ളിനരകള്‍ കയറുന്നത് പോലെ, കണ്ണുകള്‍ കുഴിയിലേക്കിറങ്ങി മുഖം ചുളിയുന്നത്‌ പോലെ.. സര്‍വ്വ ലോകങ്ങളെയും ചുണ്ടാണി വിരലില്‍ അമ്മാനമാടിയ യീ എനിക്കും വയസ്സവുകയാണോ? യമരാജന്റെ വിധികളെ യഥാസമയം നടപ്പാക്കിയ ഈ ഞാനും വൃദ്ധനാവുകയാണോ? യമപുരിയെയും ദേവലോകത്തെയുംപ്രൌഡ ഗാമ്ഭീര്യത്തെക്കള്‍പ്രോജ്വലമാണിന്നു ഭൂമിലോകം..

ആസനത്തില്‍ ആല് മുളച്ചാലും ഇരുന്നേടംവിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത പടുവൃദ്ധന്മാര്‍,മക്കളും, മരുമക്കളും,പേരക്കിടാങ്ങളും, അവരുടെയൊക്കെ കങ്കാണിമാര്‍ - അണിയറയിലും അരങ്ങിലും തകര്‍ത്താടുകയാണ്... മന്ത്രി മന്ദിരങ്ങളില്‍.. ദേവലോകത്തെയും മനുഷ്യകുലത്തെയും പ്രീണിപ്പിച്ചും പേടിപ്പിച്ചും അവരധികാരത്തിന്റെ ഉന്മാദരസം അനുഭവിച്ചു ആസ്വദിക്കുകയാണ്. അവര്‍ക്ക് മുന്നില്‍ വെഞ്ചാമരം വീശുന്ന ധനാട്യന്മാര്‍ ഒരുക്കുന്ന പൊന്‍ തളികകളില്‍ - വെച്ച് നീട്ടുന്ന ശതകൊടി വിലവരും കാണിക്കകളില്‍ ചില ദേവന്മാരെങ്കിലും വീണു പോകുന്നില്ലേ എന്നൊരു സന്ദേഹവും മനസിലില്ലാതില്ല..

ദേവ ലോകത്തിന്റെ തീരുമാനങ്ങളും യമരാജന്റെ തിട്ടുരവും മനുഷ്യകുലം പണ്ടെന്നപോലെ മുഖവിലക്കെടുക്കുന്നില്ല.അവിടെ മണി മന്ദിരങ്ങളിലെ മന്ത്രിപുത്രന്മാരും അവരുടെ വാല്യക്കാരും യമാകിങ്കരന്മാരെക്കാള്‍ കേമന്മാരാണ്.

ഇന്നവിടെ ച്ത്രതൂണ്കളാല്‍ അലംകൃതമായ കൊട്ടാരങ്ങള്‍. മദ്യവും മധുരാക്ഷിയും ദേവലോകത്തെക്കള്‍ സുലഭം.. സ്ഥാനത്തും അസ്ഥാനത്തും നര്‍ത്തകിമാര്‍... അവരുടെ ഉടയാടകള്‍ അനവസരത്തിലും അഴിഞ്ഞില്ലാതാവുന്നു...

വിധികള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും മാത്രമല്ല വിധികള്‍ അട്ടിമറിക്കാന്‍ വരെ കെല്‍പ്പുള്ള മന്ത്രിപുത്രന്മാരും അനുചരന്മാരും..

ഇയ്യിടെ വയോധികനായ ഒരു രാജ പ്രധിനിധിയുടെ ദര്‍ബാര്‍ ഹാളിലേക്ക് ചെന്നപ്പോള്‍ സുന്ദരികളായ നാല് യുവതികള്‍ അദ്ദേഹത്തിന്റെ യവ്വൌനം തിരിച്ചു കൊണ്ടുവരാനുള്ള തത്രപാടിലാണ്.. ആ പടുമരത്തോടു ഞാനെങ്ങിനിനെയാ യമന്റെ കല്പനകളെ കുറിച്ച് പറയുക. വിധി മറ്റൊരവസരത്തിലേക്കു മാറ്റി ഞാന്‍ പിന്‍വാങ്ങി.

മറ്റൊരു ദിവസം മന്ത്രിപുത്രനും ആയുധധാരികളായ അദ്ദേഹത്തിന്റെ അനുചരന്മാരും എന്നെ കൊട്ടാരത്തിനകത്തെക്ക് കയറ്റി വിട്ടതെയില്ല. കണക്കൊപ്പിക്കാന്‍ എത്രയാ വേണ്ടതെന്നു വെച്ചാല്‍ പറഞ്ഞോളു, ചിത്രഗുപ്തന്‍ അതിനായി ഇത്രയും ദൂരം വരണമെന്നില്ല.. ഇതിലും രസകരമായി മറ്റൊരു രാജന്‍ .... ഞാനെന്റെ കയ്യിലെ കടലാസ്സു നോക്കി വരവിന്റെ ഉദ്ദേശം പറഞ്ഞപ്പോള്‍, സര്‍വ്വ പുച്ചത്തോടെ ആക്കിയുള്ള ചിരിയായിരുന്നു.. മിസ്റ്റര്‍ ഗുപ്തന്‍ ഏതായാലും തനിത്രവരെയും വന്നതല്ലേ , ഒരു കാര്യം ചെയ്യ്... വേരുതെയക്കേണ്ട.. എന്റെ ഒരു അനുയായിയെ ഞാന്‍ തന്നേക്കാം.. വിശ്വസ്തനാണയാള്‍...!!

സര്‍വ്വനാശിയായ കല്‍ക്കിയുടെ അവതാരത്തെ കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ - അവര്‍ ആര്‍ത്തു ചിരിക്കുകയാണ്. ഒരു സുനാമി കാണുകയും ആസ്വദിക്കുകയും ചെയ്ത ഞങ്ങളോടാണോ?

എല്ലാ ദുരന്തങ്ങളും ഞങ്ങള്‍ ആഘോഷിക്കുകയാണെന്നത് ചിത്രഗുപ്തന് അറിയാത്തത് കൊണ്ടാണ് ..

അതെ ചിത്രഗുപ്തന്‍ പിന്‍വാങ്ങുകയാണ്.. താടിരോമാങ്ങളില്ലതാവുന്നതിനു മുമ്പ്. നഖങ്ങളും പല്ലുകളും കൊഴിയുന്നതിനു മുമ്പ് ..

തികഞ്ഞ നിസ്സംഗതയോടെ ... നിറഞ്ഞ നിസ്സഹായതയോടെ.

പുസ്തകകെട്ടുകള്‍ മുന്നിലാളുന്ന തീയിലെക്കെറിഞ്ഞുകൊണ്ടു...!!


രണ്ട്

കാലചക്രം ഉരുളുകയാണ്..വേനലും വസന്തവും മാറിമാറി വന്നു, മഴ ഒരുപാട് പെയ്തിറങ്ങി.. ചിത്രഗുപ്തന്‍ ഇന്ന് സന്തോഷവാനും സംതൃപ്തനുമാണ്. യമപുരിയില്‍ അനുസരിക്കുക മാത്രം ചെയ്തു ശീലമുള്ള ഗുപ്തനിന്നു അത്യാവശ്യം ആജ്‌ഞ്ഞകള്‍ കല്പ്പിക്കുന്നെടം വരെയെത്തി. മന്ത്രി കൊട്ടരാത്തില്‍, പ്രധാനപ്പെട്ട മൂന്നു വകുപ്പുകള്‍ കൈകാര്യം ചെയ്തു വരുന്ന മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടരിയാണിന്നദ്യേഹം.

പ്രധാനപെട്ട മൂന്നു വകുപ്പുകള്‍ - അതിന്റെ കഥ ഏറെ രസകരമാണ്. എക്സൈസ്,ദേവസ്വം,പിന്നെ ടുറിസവും. ഒരുപാട് ചിന്തകളുടെ ആഴത്തില്‍ ഏറെ സമ്മര്‍ദം ചെലുത്തി മന്ത്രി തരപ്പെടുത്തിയതാണീ വകുപ്പുകള്‍. അണിയറയില്‍ ചിലരിതിനെ വിലകൊടുത്തു വാങ്ങിയതാണെന്ന് സംസാരമുണ്ടെങ്കിലും ..ഈ വകുപ്പുകളെക്കുറിച്ച് മന്ത്രിയുടെ അഭിപ്രായം തന്നെ നമുക്ക് മുഖവിലക്കെടുക്കാം.

നോക്ക് ദേവലോകത്തിലേക്ക്... ഇത് തന്നെയല്ലേ അവിടേം നടക്കുന്നത്. ദേവസഭകളില്‍ മദ്യവും മാദക നൃത്തവും ഇല്ലേ ? ഈ ലോകവും ഉള്ളെടത്തോളം കാലം ഇതൊക്കെ തന്നെയാണ് സാധ്യത. സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതല്ലേ നാം ചെയ്യേണ്ടത് .. മന്ത്രി അങ്ങിനെയാ.. വില കൂടിയ മദ്യം അകത്തു ചെന്നാല്‍ അങ്ങേരു പ്രൊലിറ്റെറിയനാ അതിലുപരി ഒരു നല്ല സോഷ്യലിസ്റ്റും ..

ആ വേളകളില്‍ ചിത്രഗുപ്തന്‍ സ്വയം മറന്നാസ്വദിക്കും എന്തോ ഒരു അസ്ത്വിത്വമുണ്ടായത് പോലെ ..ഇപ്പോള്‍ അയാള്‍ സ്വന്തം തൊഴിലിനെ ഇഷ്ടപെടാന്‍ തുടങ്ങി. ഇവിടെ കണക്കു പുസ്തകങ്ങളില്ല - എഴുത്താണിയുമില്ല . ഉള്ളത് മന്ത്രിയുടെ ഇംഗിതം നേരത്തെ അറിയണം, ഒരു ടെലിപതിക് തന്ത്രം. ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞു ചെയ്തു കൊടുക്കണം. ചിലപ്പോള്‍ കണ്ണും കാതും വായും അടച്ചിരിക്കേണ്ടി വരുമെന്ന് മാത്രം..അതിനെന്താ..കാറ്റും വെളിച്ചവും കേറാത്ത ആ പഴയ പാളസ്സാറില്‍ നിന്നും മോചനമായല്ലോ.. ഇന്നീ കഞ്ഞിപശയില്‍ കട്ടപിടിപ്പിച്ച ഖദര്‍ മുണ്ടും ഷര്‍ട്ടും തന്നെ ഒരു സുഖാ..

തറക്കല്ലിടലിന്റെയും ഉദ്ഘാടനങ്ങളുടെയും തിരക്കൊഴിഞ്ഞ ചില വൈകുന്നേരങ്ങളില്‍ മദ്യം സിരകളെ , തലച്ചോറിനെ കീഴ്പെടുത്തുംപോള്‍ ചുമരിലെ അര്‍ദ്ധനഗ്നനായ ഗാന്ധിജിയെ നോക്കി ചില വെളിപാടുകള്‍ അദ്ദേഹം നടത്താറുണ്ട്. അപ്പോള്‍ അദ്ദേഹത്തിനു പിഞ്ചു കുഞ്ഞുങ്ങളുടെത് പോലെ നിഷ്കളങ്കമായ മുഖവും മനസ്സുമാണ് .

പണ്ട് കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടെയും കാലം .. ഉടുമുണ്ടുരിഞ്ഞ് വലതു തുടയിലെ വലിയപാട് കാണിച്ചു അദ്ദേഹം തുടങ്ങും. മുണ്ടുമുറുക്കിയുടുത്ത് സമരങ്ങളില്‍ പങ്കെടുത്ത കഥ. അപ്പോഴും അയാള്‍ ഭഗവാന്‍ കൃഷ്ണനെ സ്വകാര്യമായി ആരാധിച്ചതിനെ .. കൃഷ്ണനില്‍ എന്നും ഒരു പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്.

നവ കൊളോണിയസത്തെക്കുറിച്ച്, മുതലാളിത്വത്തിന്റെ പുതിയ മുഖങ്ങളെകുറിച്ച്, ജനാധിപത്യത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് ഗീതയും ഖുറാനും ബൈബിളും വെച്ച് അയാള്‍ ആഞ്ഞു കയറുന്നത് കേള്‍ക്കാന്‍ നല്ല സുഖമാണ്. വരാന്ത്യങ്ങളിലുള്ള ഉല്ലാസയാത്ര കഴിഞ്ഞുള്ള തുടര്‍ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മുഖത്തു "ഓഷോ "യുടെ തേജസ്സാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. തരുണിമണികളായ ആ രണ്ടു മാധ്യമപ്രവര്‍ത്തകരോടോപ്പമുള്ള യാത്ര അയാളെ എന്നും സന്തോഷവാനാക്കിയതായാണ് തോന്നാറുള്ളത്.. ഏതു മാധ്യമമാണ് അയാളെ ഉത്തേജിപ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്തതെന്ന് അവര്‍ക്കും അയാള്‍ക്കും മാത്രമേ അറിയൂ .. മുഖത്തെ സൂര്യതേജസ്സ് കണ്ടാലറിയാം അവരെല്ലാം ഹാപ്പിയാണെന്ന് !!

ഒരിക്കല്‍ വിലക്കയറ്റത്തെക്കുറിച്ച് പ്രതിപക്ഷം സഭയില്‍ ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു - ജനങ്ങള്‍ ഇതുമായോക്കെ സമരസപ്പെട്ടു പോകും , ഈ ബഹളങ്ങളൊക്കെ രണ്ടു ദിവസത്തിനുള്ളില്‍ തീരും. പണ്ട് എന്റെയൊക്കെ ചെറുപ്പകാലത്ത് കാണിക്കപ്പെട്ടികളില്‍ നാലണയും എട്ടണയുമായിരുന്നു ആളുകള്‍ ഇട്ടുവരാരുള്ളത് .. ഇന്നതാണോ സ്ഥിതി ? ഇന്‍ഫ്ലെഷന്‍ കണ്ടറിഞ്ഞല്ലേ ആളുകള്‍ നേര്ച്ചയിടുന്നത്. ഇതാരും പറഞ്ഞു കൊടുത്തിട്ടാണോ ??

അതെ , കാലചക്രം ഉരുളുകയാണ്..

ചിത്രഗുപ്തനിപ്പോള്‍ ഏറെ സംതൃപ്തനാണ് ..

സാധ്യതകളുടെ സാധ്യത ആരായുന്ന ഒരുവന്‍ ...

ഏതാണ്ട് നിങ്ങളെ പോലെ ...!!



No comments:

Post a Comment