എഴുപതു സംവത്സരങ്ങള്‍, ഒലിച്ചില്ലാതായതുപോലെ... ശിഥിലമാകുന്ന ബന്ധങ്ങള്‍, നിരര്‍ഥകമാകുന്ന അദ്ധ്വാനം. അതിര്‍ത്തിയിലെ ബാരക്കുകളില്‍ , കനംതൂങ്ങിയ കണ്ണുകളില്‍ പ്രകാശം പരത്തി അവളും കുട്ടികളും. ആണ്ടവുധിക്കായി കലണ്ടറിന്റെ പേജുകള്‍ കീറിയെടുത്തും വിരലുകളെണ്ണിയും നാളുകള്‍ നീക്കിയ ഒരു കാലം. ഇണയുടെ അടുത്തെത്താന്‍ , കൂടണയുന്നതിനായി മനസ്സ് പറക്കുകയാണ്. ഇല്ലാത്ത ശത്രുവിനെ കാത്തു ഉറങ്ങാത്ത രാത്രികള്‍... അല്ലെങ്കില്‍ തന്നെ ആര് ആരെയാണ് ആക്രമിക്കെണ്ടത്? അരപ്പട്ടിണിക്കാരന്‍ മുഴുപ്പട്ടിണിക്കാരെനെയോ..?
അധികാരവും സമ്പത്തും നഷ്ടപ്പെടുവാനുള്ള ചെറിയ ഒരു ന്യുനപക്ഷത്തിന്റെ ആകുലതകളും ആശങ്കകളും അല്ലാതെ മറ്റെന്താണ് യുദ്ധം . കടന്നുകയറ്റങ്ങളുടെയും വെട്ടിനിരത്തലുകളുടെയും ലളിതമായ മനശാസ്ത്രം അതല്ലാതെ മറ്റെന്താകാനാണ്. യുദ്ധവും യുദ്ധത്തിനായുള്ള കാത്തിരിപ്പും നിരര്‍ഥകമായ ഒരു ജീവിതത്തിന്റെ വാര്ധക്യത്തിലെക്കുള്ള ഇടവഴിയാകാനെ തരമുള്ളൂ. ഇടയ്ക്ക് ബയണറ്റും തോക്കിന്‍ കുഴലുകളും തുടച്ചു വൃത്തിയാക്കി ട്രഞ്ചിനു പിറകില്‍ ശത്രുവിനെ കാത്ത്, ഉറക്കംകെട്ട രാവുകള്‍. വല്ലപ്പോഴും അതിര്‍ത്തി നൂണുകയറിവരുന്ന കന്നുകാലിമേയ്ക്കുന്ന പിള്ളേരോ, വല്ല മോഷ്ടാക്കളോ വന്നെങ്കിലായി..കുടിച്ച റമ്മിന്റെ ദാഹമകറ്റാന്‍ അവരുടെ മേല്‍ കൈക്കരുത്തുകാട്ടി ആത്മ സംതൃപ്തിയടയാം, അത്ര തന്നെ.. വാര്‍ദ്ധക്യംപോലെ വിരസമാണ് യുദ്ധവും.. ആഴ്ചകളും മാസങ്ങളുമെടുക്കുന്ന മറുപടിക്കത്തിനായി ഉണരുന്ന പ്രഭാതങ്ങള്‍. ഒരു വേനല്‍ മഴപോലെ മനസ്സില്‍ കുളിര് കോരിയിടുന്നു .
പന്തലിച്ചു കിടക്കുന്ന ഇളമാവ്. അതിന്റെ ശിഖിരങ്ങള്‍ ഓരോന്നായി കരിഞ്ഞുണങ്ങിയിരിക്കുന്നു. തായ്ത്തടി മുതല്‍ കൊമ്പുകള്‍ വരെ, അര്‍ബുദം പോലെ പടര്‍ന്നു പിടിച്ച ഇത്തിക്കണ്ണികള്‍ . മരംകൊത്തി പക്ഷിയുണ്ടാക്കിയ ഒരു വലിയ പൊത്ത്... ഒരു പാട് കഥകള്‍ പറയാനുണ്ടാവാം ആ ഇളമാവിന് . മൂന്നു തലമുറകളിലെ കൌമാരങ്ങള്‍ക്ക് തെന്പുരട്ടിയ കഥ. ഊഞ്ഞാലുകളില്‍ സ്വപ്നങ്ങള്‍ നെയ്തു കൊടുത്ത കഥ ,അങ്ങിനെ പലതും.. ഇനിയാരുടെ ചിതയോരുക്കലാണാവോ തനിക്കുള്ള ദൌത്യം? ഇളമാവ് അങ്ങിനെ ചിന്തിക്കുന്നതായാണ് അയാള്‍ക്ക് തോന്നിയത്.
ഭാഗപത്ര പ്രകാരം തെക്കിനിയിലെ ആ മാവ് മകള്‍ക്കുള്ളതായിരുന്നു. മഷിയുണങ്ങും മുമ്പേ അത് വില്‍പ്പനക്കായി അവളാളെയാക്കി. ശ്മശാനം സൂക്ഷിപ്പുകാരനും വിറകു കച്ചവടക്കാരനും ഒരാളാകുന്നതിന്റെ ലളിതമായ യുക്തി നമുക്ക് മനസ്സിലാക്കാം. താന്‍ വെട്ടുന്ന തടി ആ കുടുംബത്തിലെ ആരുടെയോ ചിതയോരുക്കുന്നതിനാവും എന്നത് അവനുണ്ടോ അറിയുന്നു ? ഒരു ഗൂഡമായ ചിരി അയാളിലെന്നുമുണ്ടാവും... അതിനു വേണ്ടിയാണല്ലോ അവരിത്ര കണിശമായ വിലപേശലുകള്‍ നടത്തുന്നത്.
വഴിയരികില്‍ സ്വര്‍ണ രാശികള്‍ പടര്ത്തികൊണ്ട് കണിക്കൊന്ന പൂത്തുനില്‍ക്കുന്നു. യവ്വനത്തെ ഓര്‍മ്മപ്പെടുത്തി...ഇലകളൊഴിഞ്ഞു പൂക്കള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന. ചെറിയ ഒരു കാലമാണെങ്കിലും കത്തുന്ന സൂര്യന് നേരെ പ്രണയവസന്തമൊരുക്കി , മറ്റു പൂക്കളില്‍ നിന്നും വ്യത്യസ്തമാകാന്‍ വെമ്പല്‍ കാട്ടുന്നു. മേടമാസത്തിന്റെ അവസാനത്തില്‍ പെയ്ത ഒരു കനത്ത മഴയില്‍ കുതിര്ന്നില്ലാതാവുന്ന പൂക്കള്‍. എല്ലാത്തിനുമൊരു കാലമുണ്ടെന്ന വീണ്ടുവിചാരവുമായി...
കാലനെടുക്കുന്ന ആ നാളിനെയോര്‍ത്തു, തെക്കോട്ടു നോക്കി .. മരണത്തിന്റെ നാള്ദൂരമളന്ന് അയാള്‍ ഒടിഞ്ഞ ആ ചാരുകസേരയിലിരുന്നു.
No comments:
Post a Comment